Saturday, May 18, 2024
keralaNews

ടവല്‍ ഉപയോഗിച്ച് വിസ്മയ ശുചിമുറിയുടെ വെന്റിലേഷനില്‍ തൂങ്ങിമരിച്ചുവെന്ന ഭര്‍ത്താവ് കിരണ്‍

ഭര്‍തൃ വീട്ടില്‍ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് നടന്ന വിസ്മയയുടെ ദുരൂഹ മരണത്തില്‍ കൊലപാതക സാധ്യത അന്വേഷിച്ച് പോലീസ്. ടവല്‍ ഉപയോഗിച്ച് വിസ്മയ ശുചിമുറിയുടെ വെന്റിലേഷനില്‍ തൂങ്ങിമരിച്ചുവെന്ന ഭര്‍ത്താവ് കിരണിന്റെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. തുടക്കം മുതലേ സാഹചര്യത്തെളിവുകള്‍ അന്വേഷണ സംഘത്തെ സംശയത്തിലാക്കുന്നുണ്ട്. അതേസമയം വിസ്മയയുടേത് തൂങ്ങിമരണമെന്നാണ് പ്രാഥമിക നിഗമനം.അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ഐജി ഹര്‍ഷിത അട്ടല്ലൂരി, വിസ്മയ തൂങ്ങിമരിച്ചതായി കിരണ്‍കുമാറും കുടുംബവും പറയുന്ന സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തിയിരുന്നു. ‘നിലവിളി കേട്ട് ഓടിയെത്തുമ്പോള്‍ വിസ്മയയ്ക്ക് കിരണ്‍ പ്രഥമ ശുശ്രൂഷ നല്‍കുന്നതാണ് കണ്ടത്’ എന്ന കിരണിന്റെ അച്ഛനും അമ്മയും നല്‍കിയ മൊഴിയും ‘വെന്റിലേഷനില്‍ തൂങ്ങി നിന്ന ഭാര്യയെ ഒറ്റയ്ക്ക് എടുത്ത് ഉയര്‍ത്തി കെട്ടഴിച്ച ശേഷം പ്രഥമ ശുശ്രൂഷ നല്‍കി’യെന്ന കിരണിന്റെ മൊഴിയും അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല.തെളിവുകള്‍ ഇല്ലാതാക്കാന്‍ വേണ്ടിയാണോ വിസ്മയയുടെ മൊബൈല്‍ ഫോണ്‍ കിരണ്‍ നശിപ്പിച്ചത് എന്നതും പോലീസിന്റെ അന്വേഷണ പരിധിയിലാണ്. കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കിരണ്‍കുമാറിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. വിസ്മയയുടെ മരണം സംബന്ധിച്ച സംശയങ്ങള്‍ക്കു സ്ഥിരീകരണം ലഭിച്ചതിന് ശേഷമാകും പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കുയെന്നും തെളിവുകളുടെ അടിസ്ഥാനത്തില്‍ കിരണ്‍ കുമാറിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നും പോലീസ് വ്യക്തമാക്കി.