Tuesday, May 7, 2024
keralaNews

പാലക്കാട് ഇരട്ടക്കൊലപാതകത്തില്‍ സംശയിക്കുന്നവരുടെ മുപ്പതിലധികം ഫോണുകള്‍ പൊലീസ് പിടിച്ചെടുത്തു.

പാലക്കാട് ഇരട്ടക്കൊലപാതകത്തില്‍ സംശയിക്കുന്നവരുടെ മുപ്പതിലധികം ഫോണുകള്‍ പൊലീസ് പിടിച്ചെടുത്തു. ഫോണ്‍ വിളി രേഖകള്‍ പരിശോധിച്ച് പ്രതികളെലേക്കെത്താനാണ് പൊലീസിന്റെ ശ്രമം. പിടിച്ചെടുത്ത ഫോണുകള്‍ സൈബര്‍ സെല്ലിന് കൈമാറി. ഫോണ്‍ വിളികളില്‍ നിന്ന് തെളിവ് ലഭിക്കുമെന്നാണ് പ്രതീക്ഷ. നൂറിലധികം എസ്ഡിപിഐ, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലിലാണ്.

അതേസമയം, പാലക്കാട് ജില്ലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ഇന്നു സര്‍വകക്ഷിയോഗം ചേരും. വൈകിട്ടു 3.30നു മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് ഹാളില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുമെന്നു ബിജെപി, എസ്ഡിപിഐ നേതൃത്വം അറിയിച്ചിട്ടുണ്ട്. ജില്ല കനത്ത പൊലീസ് സുരക്ഷയിലാണ്. നിരോധനാജ്ഞയും തുടരുന്നു. എഡിജിപി വിജയ് സാഖറെ സ്ഥലത്തു ക്യാംപ് ചെയ്താണു സുരക്ഷ, അന്വേഷണ നടപടികള്‍ ഏകോപിപ്പിക്കുന്നത്. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 5 ടീമുകളായി തിരിഞ്ഞാണ് അന്വേഷണം.

പോപ്പുലര്‍ ഫ്രണ്ട് എലപ്പുള്ളി ഏരിയ സെക്രട്ടറി കുപ്പിയോട് എ.സുബൈര്‍ (43), ആര്‍എസ്എസ് മുന്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് മൂത്താന്തറ ആരപ്പത്ത് എ.ശ്രീനിവാസന്‍ (44) എന്നിവരാണു കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.45നു പള്ളിയില്‍നിന്നു പിതാവിനോടൊപ്പം ബൈക്കില്‍ മടങ്ങുകയായിരുന്ന സുബൈറിനെ എലപ്പുള്ളി നോമ്പിക്കോട്ടുവച്ച് അക്രമി സംഘം കാറിടിച്ചു വീഴ്ത്തി വെട്ടുകയായിരുന്നു. സുബൈറിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ നടക്കുന്നതിനിടെയാണ് ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പാലക്കാട് മേലാമുറി ജംക്ഷനു സമീപമുള്ള കടയില്‍ ശ്രീനിവാസനെ അക്രമികള്‍ വെട്ടിവീഴ്ത്തിയത്.