Thursday, May 2, 2024
keralaNewsObituarypolitics

വിപ്‌ളവനക്ഷത്രത്തിന് കേരളം വിട ചൊല്ലി ….

രാഷ്ട്രീയ കേരളത്തിന്റെ വിപ്‌ളവ നായിക കെ.ആര്‍ ഗൗരിയമ്മ ഇനി ഓര്‍മ്മ. വൈകുന്നേരം അഞ്ചുമണിയോടെ ആലപ്പുഴ വലിയ ചുടുകാട്ടില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്‌കരിച്ചു. തിരുവനന്തപുരത്ത് നിന്നും 2.30ഓടെ ആലപ്പുഴയിലെത്തിച്ച മൃതദേഹം ചാത്തനാട്ടെ വസതിയിലും തുടര്‍ന്ന് എസ്ഡിവി സ്‌കൂളിലും പൊതുദര്‍ശനത്തിന് വച്ചു. കൊവിഡ് നിയന്ത്രണത്തിനിടയിലും പ്രിയ നേതാവിനെ അവസാനമായി കാണാന്‍ നിരവധി ജനങ്ങളെത്തി. ഭര്‍ത്താവായിരുന്ന ടി വി തോമസിനെ സംസ്‌കരിച്ചതിന് അരികെയാണ് ഗൗരിയമ്മയ്ക്കായും അന്ത്യവിശ്രമം ഒരുക്കുന്നത്.

രാവിലെ തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട വിലാപയാത്രക്ക് വഴിയരികില്‍ ഒരിടത്തും പൊതുദര്‍ശനമുണ്ടായില്ല. ഗൗരിയമ്മയുടെ ആഗ്രഹപ്രകാരമാണ് അന്ത്യവിശ്രമം വലിയ ചുടുകാട്ടിലാക്കിയത്. രാവിലെ മരണവിവരം അറിഞ്ഞയുടന്‍ വലിയ ചുടുകാട്ടില്‍ തന്നെ സംസ്‌ക്കാരം നടത്താന്‍ സി പി എം- സി പി ഐ നേതൃത്വങ്ങള്‍ തീരുമാനിക്കുകയായിരുന്നു. ഇന്ന് രാവിലെ കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കെ പ്രോട്ടോകോള്‍ ഇളവ് അനുവദിച്ച് പ്രത്യേകം ഉത്തരവിറക്കിയാണ് അയ്യങ്കാളി ഹാളില്‍ ഗൗരിയമ്മയുടെ മൃതദേഹത്തിന് പൊതുദര്‍ശന സൗകര്യം ഒരുക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങി പ്രമുഖര്‍ അയ്യങ്കാളി ഹാളില്‍ എത്തി അന്ത്യോപചാരം അര്‍പ്പിച്ചു. എ വിജയരാഘവനും എം എ ബേബിയും ചേര്‍ന്നാണ് ഗൗരിയമ്മയുടെ മൃതദേഹത്തില്‍ ചെങ്കൊടി പുതപ്പിച്ചത്.