Tuesday, May 7, 2024
keralaNews

പള്ളിത്തര്‍ക്കത്തില്‍ യാക്കോബായ സഭയുടെ റിലേ സത്യഗ്രഹം ഇന്നു മുതല്‍.

പള്ളിത്തര്‍ക്കത്തില്‍ യാക്കോബായ സഭയുടെ റിലേ സത്യഗ്രഹം ഇന്നു മുതല്‍. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറിയ 52 പള്ളികള്‍ക്ക് മുന്നിലാണ് ഇന്നു രാവിലെ 9 മണി മുതല്‍ റിലേ സത്യാഗ്രഹം തുടങ്ങുന്നത്.ഡിസംബര്‍ 13-ന് ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറിയ പള്ളികളില്‍ തിരികെ പ്രവേശിക്കുമെന്ന് യാക്കോബായ വിഭാഗം നേരത്തെ അറിയിച്ചിരുന്നു. ജനുവരി 1 മുതല്‍ സെക്രട്ടറിയേറ്റിനു മുമ്പില്‍ സത്യാഗ്രഹ സമരം നടത്താനാണ് സഭയുടെ തീരുമാനം. എന്നാല്‍ ആരാധനക്ക് യാക്കോബായ വിഭാഗം പള്ളികളില്‍ കയറുന്നതില്‍ എതിര്‍പ്പില്ലെന്നും പക്ഷെ യാക്കോബായ വൈദികരെ പ്രവേശിപ്പിക്കില്ലെന്നുമാണ് ഓര്‍ത്തഡോക്‌സ് പക്ഷത്തിന്റെ നിലപാട്.

പള്ളിത്തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ നടത്തിയ അനുരഞ്ജന ശ്രമങ്ങള്‍ പരാജയപ്പെട്ടതും കോതമംഗലം പള്ളി വിഷയത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം വിട്ടു വീഴ്ചക്ക് തയ്യാറാകാതെ വന്നതുമാണ് സമരം ശക്തമാക്കാന്‍ യാക്കോബായ സഭയെ പ്രേരിപ്പിച്ചത്. വിശ്വാസികളെ പള്ളികളില്‍ പ്രവേശിക്കാന്‍ അനുവദിക്കുമെങ്കിലും യാക്കോബായ വൈദികരെ ചടങ്ങുകള്‍ നടത്താന്‍ അനുവദിക്കില്ലെന്നാണ് ഓര്‍ത്തഡോക്‌സ് സഭയുടെ നിലപാട്.നിയമത്തിലൂടെ പ്രശ്‌നം പരിഹരിക്കാം എന്ന് സമ്മതിച്ചവര്‍ ഇപ്പോള്‍ പുതിയ നിയമം വേണമെന്നാവശ്യപ്പെടുന്നത് ശരിയല്ലെന്നും ഓര്‍ത്തഡോക്‌സ് വിഭാഗം പറയുന്നു. തദ്ദേശ തെരഞ്ഞെടുപ്പിനിടെ ഇരു വിഭാഗവും തമ്മിലുള്ള തര്‍ക്കം വീണ്ടും ശക്തമാകുന്നത് സര്‍ക്കാരിനേയും സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. മലങ്കര സഭയുടെ ഭൂരിപക്ഷ മേഖലകളില്‍ പള്ളി തര്‍ക്കം പ്രധാന തെരഞ്ഞെടുപ്പ് വിഷയമാണെന്നതും മുന്നണികള്‍ക്ക് തലവേദനയാണ്.