Sunday, May 12, 2024
kerala

വൈക്കത്തഷ്ടമി മഹോത്സവം.

sunday special
[email protected]

കോട്ടയം ജില്ലയിലെ വൈക്കം നഗരഹൃദയത്തില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് വൈക്കം മഹാദേവ ക്ഷേത്രം. വൃശ്ചികമാസത്തിലെ അഷ്ടമിയാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം. ഇത് വൈക്കത്തഷ്ടമി മഹോത്സവമായി അറിയപ്പെടുന്നു.
മറ്റ് ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി കൊടിയേറ്റും ആറാട്ടും നോക്കിയല്ല ഇവിടെ ഉത്സവം നടത്തുന്നത്. മൊത്തം പതിമൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന്റെ പന്ത്രണ്ടാം നാള്‍ അഷ്ടമി വരുന്ന വിധത്തിലാണ് ഉത്സവം. മുളയിടലും കലശാഭിഷേകവും വഴി തുടങ്ങുന്ന ഉത്സവം അങ്കുരാദിയാണ്. തുടര്‍ന്ന് സന്ധ്യയ്ക്ക് കൊടിയേറ്റം നടക്കുന്നു. കൊടിയേറിക്കഴിഞ്ഞാല്‍ പതിമൂന്ന് ദിവസം ഗംഭീരന്‍ ആഘോഷപരിപാടികളുണ്ട്. രോഹിണിദിവസം സന്ധ്യയ്ക്കാണ് കൂടിപ്പൂജ. വൈക്കത്തപ്പന്റെ പുത്രനായ ഉദയനാപുരത്തപ്പന്‍ (സുബ്രഹ്മണ്യന്‍) ആറാട്ടുകഴിഞ്ഞ് തിരിച്ച് ക്ഷേത്രത്തിലേയ്ക്കുപോകുന്ന വഴിയ്ക്കുവച്ച് പിതാവിനെ കാണാന്‍ വൈക്കത്തെത്തും. തുടര്‍ന്ന് ഇരുവരുടെയും ബിംബങ്ങള്‍ അടുത്തുവച്ച് ശ്രീകോവില്‍ നടയടച്ച് പൂജ തുടങ്ങുന്നു. ആ സമയത്ത് ശിവന്‍, പാര്‍വ്വതീഗണപതീസുബ്രഹ്മണ്യസമേതനായി കൈലാസത്തില്‍ അമരുന്നു എന്നാണ് വിശ്വാസം. കൂടിപ്പൂജയുടെ മന്ത്രങ്ങള്‍ തന്ത്രിയ്ക്കും മേല്‍ശാന്തിയ്ക്കും മാത്രമേ അറിയൂ.

.
പന്ത്രണ്ടാം ദിവസമാണ് പ്രസിദ്ധമായ വൈക്കത്തഷ്ടമി. അന്ന് പതിവിലും ഒരുമണിക്കൂര്‍ നേരത്തേ നട തുറക്കും. അഷ്ടമിനാളിലെ മഹാനിര്‍മ്മാല്യദര്‍ശനത്തിന് വന്‍ ഭക്തജനത്തിരക്കായിരിയ്ക്കും. അന്ന് ക്ഷേത്രത്തില്‍ നിവേദ്യങ്ങളില്ല. പുത്രനായ സുബ്രഹ്മണ്യന്റെ വിജയത്തിനായി ഭഗവാന്‍ ഉപവാസമനുഷ്ഠിയ്ക്കുന്നു എന്നാണ് വിശ്വാസം. എന്നാല്‍ ഭക്തജനങ്ങള്‍ക്ക് ഗംഭീരന്‍ സദ്യയുണ്ടായിരിയ്ക്കും. താനൊഴികെ മറ്റാരും അന്ന് പട്ടിണി കിടക്കരുത് എന്ന് ഭഗവാന് നിര്‍ബന്ധമാണത്രേ! ക്ഷേത്രത്തിലെ വടക്കേ ഗോപുരം അന്നുമാത്രമേ തുറക്കൂ. അതിലൂടെ വൈകീട്ട് ഉദയനാപുരത്തപ്പന്റെ എഴുന്നള്ളത്തുമുണ്ട്. ഭീകരന്മാരായ താരകാസുരനെയും ശൂരപത്മനെയും കൊലപ്പെടുത്തിയശേഷം വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയെത്തുന്ന സുബ്രഹ്മണ്യനെ മഹാദേവന്‍ കിഴക്കേ ആനക്കൊട്ടിലിലേയ്ക്ക് കൊണ്ടുപോകുന്നു. തുടര്‍ന്ന് വലിയ കാണിയ്ക്ക. ആദ്യം വരുന്നത് കറുകയില്‍ കൈമളാണ്. തുടര്‍ന്ന് ഭക്തരും ദേവസ്വം അധികൃതരുമെല്ലാം കാണിയ്ക്കയിടുന്നു.വൈക്കത്തിനടുത്ത് താമസിയ്ക്കുന്ന ഭക്തര്‍, അഷ്ടമിദിവസം ക്ഷേത്രത്തില്‍ വന്ന് തൊഴുതില്ലെങ്കില്‍ അത് അപകടകരമാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു.കാണിക്കയിട്ടുകഴിഞ്ഞാല്‍ വെടിക്കെട്ടാണ്. ആകാശത്ത് വിരിയുന്ന വര്‍ണ്ണവിസ്മയം ആയിരങ്ങളെ അത്ഭുതത്തിലാഴ്ത്തും.പിന്നീട് വേദനാജനകമായ ‘കൂടിപ്പിരിയല്‍’ എന്ന ചടങ്ങാണ്. ശിവന്റെയും സുബ്രഹ്മണ്യന്റെയും തിടമ്പുകളേന്തിയ ആനകള്‍ വേദനാജനകമായ പല ശബ്ദങ്ങളുമുയര്‍ത്തും. വാദ്യോപകരണങ്ങളെല്ലാം നിര്‍ത്തി, വിളക്കണച്ച് തികച്ചും മൗനത്തോടെ സുബ്രഹ്മണ്യന്‍ ഉദയനാപുരത്തേയ്ക്കും ശിവന്‍ ശ്രീകോവിലിലേയ്ക്കും തിരിച്ചുപോകുന്നു.ജഗദീശ്വരനായിട്ടും, സ്വന്തം പുത്രന്റെ വേര്‍പാടോര്‍ത്ത് ദുഃഖിതനായാണ് ശിവന്റെ മടക്കം.പിറ്റേ ദിവസമാണ് ക്ഷേത്രത്തില്‍ ആറാട്ട്. അതിന് വലിയ പ്രാധാന്യമൊന്നുമില്ല. ക്ഷേത്രക്കുളത്തിലാണ് ആറാട്ട്.ആറാട്ട് കഴിഞ്ഞുവരുന്ന ദേവന്റെ ക്ഷീണം മാറ്റാനായി വെള്ളാട്ട് മൂസ്സിന്റെ വക മുക്കുടി നിവേദ്യവും അന്നുണ്ടാകും.

പരശുരാമന്‍ സ്ഥാപിച്ച കേരളത്തിലെ 108 ശിവക്ഷേത്രങ്ങളില്‍ ഒന്നാണിതെന്ന് കരുതുന്നു. പത്തേക്കറില്‍ കൂടുതല്‍ വരുന്ന സ്ഥലത്ത് കിഴക്കോട്ട് ദര്‍ശനമായിട്ടാണ് വൈക്കം ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശ്രീ പരമേശ്വരന്‍ ശ്രീ പാര്‍വതീയോടൊപ്പം ഈ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ഇവിടുത്തെ മഹാദേവന് ‘അന്നദാനപ്രഭു’ എന്നൊരു പേരുമുണ്ട്. ക്ഷേത്രാങ്കണത്തിന്റെ വടക്കേയറ്റത്ത് രണ്ടുനില ഊട്ടുപുര. അവിടെ ക്ഷേത്രകലാപീഠവും പ്രവര്‍ത്തിക്കുന്നു. ഊട്ടുപുരയുടെ വടക്കുമാറി അമ്പലക്കുളവും. എ.ഡി. 300-ല്‍ ജീവിച്ചിരുന്ന പെരുംതച്ചനാണ് ക്ഷേത്രം നിര്‍മ്മിച്ചതെന്ന് കരുതപ്പെടുന്നു.വേണാട്ട് രാജാക്കന്മാരുടെ ഭരണകാലത്ത് ക്ഷേത്രനിര്‍മ്മിതിയെ കുറിക്കുന്ന 800 കൊല്ലം പഴക്കമുള്ള ഒരു ശിലാലിഖിതം കണ്ടെടുത്തിട്ടുള്ളതായി ചരിത്രകാരനായ ശ്രീധരമേനോന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രം ഇന്ന് കാണുന്ന നിലയില്‍ പുനര്‍നിര്‍മ്മിക്കപ്പെട്ടത് എ.ഡി. 1539-ലാണ്.ഗണപതി, സുബ്രഹ്മണ്യന്‍ (അദൃശ്യസങ്കല്പം), നാഗദൈവങ്ങള്‍, പനച്ചിയ്ക്കല്‍ ഭഗവതി എന്നിവരാണ് ക്ഷേത്രത്തിലെ ഉപദേവതകള്‍. വൃശ്ചികമാസത്തില്‍ കറുത്തപക്ഷത്തിലെ നവമി ആറാട്ടായുള്ള ഉത്സവവും അതിനിടയില്‍ വരുന്ന വൈക്കത്തഷ്ടമിയുമാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. കൂടാതെ കുംഭമാസത്തിലെ മഹാശിവരാത്രി, കുംഭാഷ്ടമിച്ചിറപ്പ്, മണ്ഡലകാലം, വിഷു എന്നിവയും വിശേഷമാണ്. ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്ത് വേമ്പനാട്ട് കായല്‍ നീണ്ടുനിവര്‍ന്നുകിടക്കുന്നു. അവിടെ ഒരു ബോട്ട് ജെട്ടിയുമുണ്ട്. ദിവസവും അവിടെനിന്ന് ബോട്ട് സര്‍വ്വീസുണ്ടാകും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.
മലയാളസിനിമാസംഗീതകുലപതിയും വൈക്കത്തപ്പന്റെ പരമഭക്തനുമായിരുന്ന വി. ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ ഓര്‍മ്മയ്ക്കായി 2013-ല്‍ ആരംഭിച്ച ‘ദക്ഷിണാമൂര്‍ത്തി സംഗീതോത്സവം’ ചുരുങ്ങിയകാലം കൊണ്ട് ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. വൈക്കത്തഷ്ടമി മഹോത്സവത്തിന്റെ ഭാഗമായാണ് ഇത് നടത്തുന്നത്. ഗുരുവായൂരിലെ ചെമ്പൈ സംഗീതോത്സവത്തിന്റെ മാതൃകയിലാണ് ഇതും നടത്തുന്നത്. 13 ദിവസമാണ് മൊത്തം സംഗീതോത്സവവും.