Monday, April 29, 2024
keralaLocal NewsNewspolitics

പമ്പാവാലി നിവാസികൾക്ക് പട്ടയം ;റവന്യൂ വകുപ്പ് ഭൂമിയുടെ അതിർത്തി അളന്ന് തിരിക്കാൻ തുടങ്ങി. 

എരുമേലി: പമ്പാവാലി മലയോരമേഖലയിലെ കുടിയേറ്റ കർഷകരുടെ എക്കാലത്തെയും സ്വപ്നമായ പട്ടയം വിതരണത്തിനുള്ള നടപടികൾ റവന്യൂ വകുപ്പ് ആരംഭിച്ചു.കോട്ടയം,പത്തനംതിട്ട ജില്ലകളുടെയും വനാതിർത്തി – ജനവാസകേന്ദ്രങ്ങളും അതിർത്തികൾ അളന്ന്  തിരിക്കുകയാണ് ഒന്നാംഘട്ടമായി നടക്കുക.പത്തനംതിട്ട ജില്ലയിൽ ഉൾപ്പെട്ട ഭൂമി കൂടി കോട്ടയം ജില്ലാ പരിധിയിലേക്ക് മാറ്റണം. ഇതിനായി 18 പേരടങ്ങുന്ന സംഘടനയാണ് നിയോഗിച്ചിരിക്കുന്നത്.പമ്പാവാലി മേഖലയിൽ മുമ്പ് നൽകിയിട്ടുള്ള പട്ടയവും- പുതുതായി പട്ടയം നൽകേണ്ടവരുടെ അപേക്ഷകളുടെ ലിസ്റ്റും സംഘം പരിശോധിക്കും.
ഇതിനായി ആറാട്ടുകയത്ത് റവന്യൂ വകുപ്പിൻെറ  ക്യാമ്പും കഴിഞ്ഞദിവസം ആരംഭിച്ചു.പട്ടയത്തിനായി അപേക്ഷിച്ചവരുടെ അടക്കമുള്ള ഭൂമിയുടെ  മുഴുവൻ  റീ സർവ്വേയും  നടക്കും. സർവ്വേ ഡെപ്യൂട്ടി ഡയറക്ടർ ബാബു, അസി.എൻജിനീയർ  സർവേ വിഭാഗം വിനോദ് എന്നിവരുടെ നേതൃത്വത്തിലാണ് സ്പെഷ്യൽ ഓഫീസ് തുറന്ന്   പട്ടയവിതരണത്തിനുള്ള നടപടികൾ ആരംഭിക്കുന്നത്.
പമ്പാവാലി , എയ്ഞ്ചൽവാലി, വട്ടപ്പാറ മൂലക്കയം, നെല്ലിമല, ആറാട്ടുക്കയം അടക്കം വിവിധ മേഖലകളിലായി  അധിവസിക്കുന്ന കുടിയേറ്റ കർഷകർക്കാണ് പട്ടയം നൽകുന്നതെന്നും അധികൃതർ പറഞ്ഞു.1947- ലാണ് ഗ്രോ മോർ ഫുഡ്,പമ്പാവാലി വനമേഖലയോട് കർഷകർക്ക് കൃഷിക്കായി ഭൂമി നൽകുന്നത്.പൊൻകുന്നം ,  ഇളംകുളം മേഖലയിൽനിന്നുള്ള കർഷകർക്കും,ഹരിജൻ വിഭാഗത്തിലുള്ളവർക്കുമായി കൃഷിഭൂമി നൽകുന്നത്.  എരുമേലി ഗ്രാമ പഞ്ചായത്തിലെ പമ്പാവാലി,എയ്ഞ്ചൽവാലി,മൂക്കൻപെട്ടി വാർഡുകളിലായി നൂറുകണക്കിന്  കുടുംബങ്ങൾക്കാണ് പട്ടയം ലഭിക്കാനുള്ളത്. യുഡിഎഫ് സർക്കാർ പമ്പാവലി മേഖലയിൽ പട്ടയം വിതരണം ചെയ്തിരുന്നു.എന്നാൽ ഈ പട്ടയത്തിലും നിയമപ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്നാണ്  എൽഡിഎഫ്
 സർക്കാർ മുഴുവൻ പേർക്കും പട്ടയം നൽകാൻ തീരുമാനിച്ചത്.
  520 പേര്‍ക്കാണ് മുമ്പ് പട്ടയം നല്കിയത്.600ത്തിലധികം പേർക്ക് പട്ടയം ഇനിയും നൽകാനുണ്ട്.ജില്ലാ പഞ്ചായത്ത് അംഗം ശുഭേഷ് സുധാകരൻ, എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  തങ്കമ്മ ജോർജ് കുട്ടി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മറിയാമ്മ സണ്ണി, മാത്യു ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള ജനകീയ സമിതി പട്ടയവിതരണത്തിനുള്ള നടപടികൾക്ക് വേണ്ട സഹായങ്ങൾ  നൽകുന്നുണ്ട്.പമ്പാവാലി – എയ്ഞ്ചൽവാലി വാർഡുകൾ കേന്ദ്രീകരിച്ച് ജനകീയ സമിതികൾ രൂപീകരിച്ചു.പമ്പാവാലി മലയോര മേഖലയിലെ ജനങ്ങൾക്ക് പട്ടയം  ലഭിക്കുന്നതിനായി  വകുപ്പ് മന്ത്രിയേയും,നാട്ടുകാരുടെ നേതൃത്വത്തിൽ കോടതിയെയും സമീപിച്ചിരുന്നു.