Tuesday, May 14, 2024
keralaNewsObituary

തിരുവല്ലം കസ്റ്റഡി മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

തിരുവനന്തപുരം: ദമ്പതികളെ ആക്രമിച്ച കേസില്‍ കസ്റ്റഡിയിലെടുത്ത പ്രതി സുരേഷ് തിരുവല്ലം പൊലീസ് സ്റ്റേഷനില്‍ വച്ച് മരിച്ചതിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോള്‍ പ്രതി മരിച്ചുവെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് മര്‍ദ്ദനമാണ് മരണ കാരണമെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി ഡിജിപി ഉത്തരവിറക്കിയത്. നിലവില്‍ ജില്ലാ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. തിരുവല്ലം ജഡ്ജികുന്നില്‍ സ്ഥലം കാണാനെത്തിയ ദമ്പതികളെയും സുഹൃത്തിനെയും ഞായറാഴ്ച വൈകുന്നേരം ആക്രമിച്ചതിനാണ് മരിച്ച സുരേഷ് അടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് സുരേഷ് മരിച്ചത്. നെഞ്ചുവേദനയെ

തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ പൊലീസ് മര്‍ദ്ദനമാണ് മരണ കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചതോടെ സബ് കളക്ടറുടെയും മജിസ്‌ട്രേറ്റിന്റെയും നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയിരുന്നു.സുരേഷിന്റെ ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു ഇന്‍ക്വസ്റ്റ്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മൂന്നംഗ ഫൊറന്‍സിക് ഡോക്ടര്‍മാരുടെ സംഘം പോസ്റ്റുമോര്‍ട്ടം നടത്തി. ഹൃദയാഘാതമാണ് മരണകാരണമെങ്കിലും ഹൃദയാഘാതമുണ്ടായത് എങ്ങനെയെന്ന വ്യകത്മാകാന്‍ കൂടുതല്‍ ശാത്രീയ പരിശോധന ഫലങ്ങള്‍ വരേണ്ടതുണ്ടെന്ന് ഡോക്ടര്‍മാരുടെ നിലപാട്. മര്‍ദ്ദനമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടെങ്കില്‍ അന്വേഷണം സിബിഐക്ക് കൈമാറും. തിരുവല്ലത്തെ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം മൃതദേഹം ശാന്തികവാടത്തില്‍ സംസ്‌കാരിച്ചു. സംസ്ഥാന പൊലീസ് കംപ്ലെയ്റ്റ് അതോററ്റി ചെയര്‍മാന്‍ വികെ മോഹനന്‍ പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണത്തിനായി എത്തിയതാണെന്നും മോഹനന്‍ പറഞ്ഞു. അതേസമയം, സുരേഷ് അടക്കമുള്ളവര്‍ സദാചാര പൊലീസ് ചമഞ്ഞ് മര്‍ദ്ദിച്ചുവെന്ന് പരാതിക്കാരായ ദമ്പതികള്‍ പറഞ്ഞു. പണം ചോദിച്ച് മണിക്കൂറുകളോളം തടഞ്ഞുവെച്ചെന്ന് പരാതിക്കാരന്‍ നിഖില്‍ പറഞ്ഞു. ജഡ്ജികുന്നില്‍ നിന്നും ചിത്രങ്ങളെടുക്കാന്‍ പോയപ്പോള്‍ വഴി കാണിച്ചു തന്ന

ശേഷം സുരേഷ് അടക്കമുള്ള സംഘം തന്നെയും ഭാര്യയെും മര്‍ദ്ദിച്ചുവെന്നാണ് നിഖിലിന്റെ പരാതി. സ്ഥലം സന്ദര്‍ശിക്കാനെത്തിയ തന്നെയും ഭാര്യയെയും സുഹ്യത്തിനെയും മദ്യപ സംഘം ബന്ദിയാക്കി. മുക്കാല്‍ മണിക്കൂറോളം മര്‍ദ്ദിച്ചു. സ്ത്രീകളെയും ഉപദ്രവിച്ചു. ഫോണ്‍ വിളിക്കാന്‍ പോലും അനുവദിച്ചില്ലെന്നും ദമ്പതികള്‍ പറഞ്ഞു.