Friday, May 3, 2024
keralaNews

പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് ഹൗസ് സര്‍ജ്ജന്മാര്‍.

24 മണിക്കൂര്‍ സൂചന പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് ഹൗസ് സര്‍ജ്ജന്മാര്‍. നാളെ രാവിലെ 8 മണി വരെ സമരം തുടരും. ചര്‍ച്ചയില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പങ്കെടുത്തിരുന്നില്ല. വകുപ്പിലെ ഉദ്യോഗസ്ഥരാണ് ഉണ്ടായിരുന്നത്. നടന്നത് ഔദ്യോഗിക ആശയവിനിമയം മാത്രമാണെന്നും ഹൗസ് സര്‍ജ്ജന്മാര്‍ പറഞ്ഞു.തങ്ങളുടെ ആവശ്യങ്ങള്‍ ചര്‍ച്ചയില്‍ അറിയിച്ചു. വിഷയങ്ങള്‍ മന്ത്രിയെ അറിയിക്കാമെന്ന് ഉറപ്പ് നല്‍കി. പി ജി ഡോക്ടേഴ്സിനെ ചര്‍ച്ചയ്ക്ക് വിളിച്ച്, അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു. ആരോഗ്യ വകുപ്പ് വിളിച്ച ചര്‍ച്ചയ്ക്ക് ശേഷം ഹൗസ് സര്‍ജ്ജന്മാര്‍ പ്രതികരിച്ചു.അതേസമയം സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ പി.ജി ഡോക്ടര്‍മാര്‍ക്ക് പിന്നാലെ ഹൗസ് സര്‍ജന്മാരും സമരത്തിനിറങ്ങിയതോടെ ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറായി. ശസ്ത്രക്രിയകള്‍ മിക്കതും മാറ്റിവെക്കുകയും അത്യാവശ്യ ചികിത്സ മുടങ്ങുകയും ചെയ്യുന്ന അവസ്ഥയിലാണ് കാര്യങ്ങള്‍.രോഗികളെ മടക്കി അയക്കേണ്ട അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ് പല മെഡിക്കല്‍ കോളജുകളും. പകുതിയില്‍ താഴെ ഡോക്ടര്‍മാര്‍ മാത്രമാണ് ഇപ്പോള്‍ മെഡിക്കല്‍ കോളജുകളിലുള്ളത്. സമരം നാലാം ദിവസത്തിലേക്ക് കടന്നതോടെ അത്യാഹിത വിഭാഗമുള്‍പ്പെടെയുള്ളവയില്‍ നിന്ന് വിട്ടുനിന്നാണ് പി.ജി ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നത്.