Friday, May 17, 2024
indiaNewsworld

യുക്രെയ്‌നില്‍ നിന്ന് മടങ്ങാന്‍ വിമാനമില്ലാതെ വലഞ്ഞ് മലയാളികള്‍

യുദ്ധഭീതി തുടരുന്ന യുക്രെയ്‌നില്‍ നിന്ന് മടങ്ങാന്‍ വിമാനമില്ലാതെ വലഞ്ഞ് മലയാളികള്‍. അത്യാവശ്യക്കാരല്ലാത്ത എല്ലാ ഇന്ത്യക്കാരും മടങ്ങണമെന്ന നിര്‍ദേശം ഇന്ത്യന്‍ എംബസി നല്‍കിയശേഷം ഇന്നലെ മടങ്ങാനായത് നാലുപേര്‍ക്ക് മാത്രമാണ്. കൂടുതല്‍ വിമാനങ്ങള്‍ക്കായി കേരള സര്‍ക്കാര്‍ ഇടപെടുമെന്ന പ്രതീക്ഷയിലാണ് യുക്രെയ്‌നിലെ മലയാളികള്‍.യുദ്ധഭീതിയിലാണെങ്കിലും തങ്ങള്‍ സുരക്ഷിതരെന്ന് യുക്രെയ്‌നിലെ മലയാളി വിദ്യാര്‍ഥികള്‍ പറയുന്നു. നാട്ടിലേക്ക് മടങ്ങാന്‍ സര്‍വകലാശാലകള്‍ അനുമതി നല്‍കി. ക്ലാസുകള്‍ ഓണ്‍ലൈനാക്കി. നാട്ടിലുള്ളവര്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

യുക്രെയ്‌നിലെ സംഘര്‍ഷ സാധ്യതയുടെ പശ്ചാത്തലത്തില്‍ അത്യാവശ്യക്കാരല്ലാത്ത എല്ലാ ഇന്ത്യക്കാരും തല്‍ക്കാലം നാട്ടിലേക്കു മടങ്ങണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. യുക്രെയ്‌നിനകത്തും ആ രാജ്യത്തേക്കും അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണമെന്നും കീവിലെ ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചു. യുക്രെയ്‌നിലെ ഇന്ത്യക്കാര്‍ എത്രയും പെട്ടെന്ന് ഇന്ത്യന്‍ എംബസിയില്‍ വിവരം അറിയിക്കണം. അത്യാവശ്യ ഘട്ടത്തില്‍ സഹായമെത്തിക്കാനും മറ്റും ഇത് ഉപകാരപ്പെടും.വിദ്യാര്‍ഥികളടക്കം 20,000 പേര്‍ യുക്രെയ്‌നിലുണ്ടാകുമെന്നാണ് ഏകദേശ കണക്ക്. യുഎസ് അടക്കം ചില രാജ്യങ്ങള്‍ അവരവരുടെ പൗരന്മാരോട് യുക്രെയ്ന്‍ വിടാന്‍ നേരത്തേ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനം സാധാരണ നിലയിലാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.