Thursday, May 2, 2024
EntertainmentkeralaNews

പണം വാങ്ങിയിട്ടും പരിപാടിക്ക് എത്തിയില്ല എന്നാരോപിച്ച് ചലച്ചിത്ര താരം ശ്രീനാഥ് ഭാസിക്കെതിരെ പരാതി.

ആലപ്പുഴ: പണം വാങ്ങിയിട്ടും പരിപാടിക്ക് എത്തിയില്ല എന്നാരോപിച്ച് ചലച്ചിത്ര താരം ശ്രീനാഥ് ഭാസിക്കെതിരെ പരാതി. ആലപ്പുഴ ക്യാബിനറ്റ് സ്‌പോര്‍ട്‌സ് സിറ്റി ഭാരവാഹികളാണ് പരാതിക്കാര്‍. കഴിഞ്ഞ 14 ന് സ്‌പോര്‍ട്‌സ് സിറ്റിയുടെ ടര്‍ഫ്, ടീ പോയിന്റ് കഫെ ഉദ്ഘാടനം ചെയ്യാനായി ശ്രീനാഥ് ഭാസിയെ ക്ഷണിച്ചിരുന്നു. ആറ് ലക്ഷം രൂപയാണ് പ്രതിഫലമായി ആവശ്യപ്പെട്ടത്. ഇതില്‍ 4 ലക്ഷം മുന്‍ക്കൂറായി നല്‍കുകയും ബാക്കി തുക ഉദ്ഘാടന ദിവസവം കൈമാറാമെന്നുമായിരുന്നു ധാരണ. ചടങ്ങില്‍ എ എം ആരിഫ് എം പി, എം എല്‍ എമാര്‍ തുടങ്ങിയവരെ പങ്കെടുപ്പിക്കാനുള്ള ക്രമീകരണവും ഏര്‍പ്പെടുത്തി.

എന്നാല്‍ പരിപാടിക്ക് ഒരു ദിവസം മുന്‍പ് താന്‍ യുകെയില്‍ ആണെന്നും മറ്റൊരു ദിവസത്തേക്ക് പരിപാടി മാറ്റുവാനും ശ്രീനാഥ് ആവശ്യപ്പെട്ടു. ഈ നിര്‍ദേശത്തെ തുടര്‍ന്ന് 22 ലേക്ക് മാറ്റി. എന്നാല്‍ വീണ്ടും പരിപാടി മാറ്റിവെക്കുവാന്‍ അദ്ദേഹം ആവശ്യപ്പെട്ടപ്പോള്‍ ഉദ്ഘാടനത്തിന് ശേഷം ഒരു മാസം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റ് നടത്തുവാന്‍ കഴിഞ്ഞില്ല. ഇതുമൂലം ക്ലബ്ബിന് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. പ്രചാരണത്തിനും ലക്ഷങ്ങള്‍ ചിലവായി. ഇതുമായി ബന്ധപ്പെട്ട് ശ്രീനാഥ് ഭാസിക്കെതിരെ ജില്ലാ പൊലീസ് ചീഫിന് പരാതി നല്‍കുമെന്ന് ക്ലബ്ബ് പാര്‍ട്ണര്‍മാരായ സക്കീര്‍ ഹുസ്സൈന്‍, സിനാവ്, ഇജാസ്, വിജയകൃഷ്ണന്‍, സജാദ്, നിയാസ്, അല്‍സര്‍ എന്നിവര്‍ പറഞ്ഞു.