Friday, May 3, 2024
EntertainmentkeralaNews

നിര്‍മ്മാതാവ് റോഷന്‍ ചിറ്റൂരിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നു.

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നിര്‍മ്മാതാവ് റോഷന്‍ ചിറ്റൂരിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നു. ദിലീപിന്റെ അടുത്ത സുഹൃത്താണ് റോഷന്‍. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപും കൂട്ടാളികളും ഗുഢാലോചന നടത്തിയതിനെ കുറിച്ചുള്ള വിവരങ്ങളാണ് അന്വേഷണ സംഘം ശേഖരിക്കുന്നത്.

കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ യുവനടി ആക്രമിക്കപ്പെട്ടത്. സഹപ്രവര്‍ത്തകന്റെ ക്വട്ടേഷന്‍ ബലാത്സംഗം എന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്ന കേസില്‍ വിചാരണ അന്തിമ ഘട്ടത്തിലെത്തിയിട്ടും പൊതു സമൂഹത്തിന് മുന്നില്‍ ചുരുളഴിയാത്ത നിരവധി സംശയങ്ങള്‍ ബാക്കിയാണ്. അതിനിടെയാണ് ദിലീപിന്റെ പങ്കില്‍ സൂചന നല്‍കി തെളിവുകളുമായി സുഹൃത്തായിരുന്ന സംവിധായകന്‍ ബാലചന്ദ്രകുമാറെത്തിയത്.

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലും ബാലചന്ദ്രകുമാര്‍ നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ദിലീപടക്കമുള്ള പ്രതികള്‍ക്കെതിരെ കേസ് എടുത്തു. എന്നാല്‍ കെട്ടിച്ചമച്ച ആരോപണമെന്നാണ് ദിലീപിന്റെ വാദം. ആരോപണങ്ങള്‍ തെളിയിക്കാനാനുള്ള തെളിവുകളില്ല. കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണ്. ഡിവൈഎസ്പി ബൈജു പൗലോസും ബാലചന്ദ്രകുമാറും തനിക്കെതിരെ ഗൂഢാലോചന നടത്തി. ഡിജിപി ബി സന്ധ്യയുടെയും എഡിജിപി എസ് ശ്രീജിത്തിന്റേയും അറിവോടെയാണ് ഗൂഢാലോചന നടന്നത് തുടങ്ങിയ ആരോപണങ്ങളാണ് ദിലീപ് ഉയര്‍ത്തുന്നത്.