Monday, May 6, 2024
keralaNews

നാല് ദിവസം നാട്ടില്‍ കറങ്ങിയ കരടിയെ കാടുകയറ്റി

വയനാട്: വയനാട്ടിലെ ജനവാസ മേഖലയില്‍ നാല് ദിവസം നാട്ടില്‍ കറങ്ങിയ കരടിയെ കാടുകയറ്റി. രാത്രി വൈകി ഇരുളം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ നെയ്കുപ്പ ഭാഗത്ത് കരടിയെ കണ്ടിരുന്നു. പട്രോളിങ് ടീം പിന്തുടര്‍ന്നാണ് കാടുകയറ്റിയത്. 90 മണിക്കൂറാണ് ജനവാസ മേഖലയില്‍ കരടി സഞ്ചരിച്ചത്. ഇന്നലെ പനമരം കീഞ്ഞുകടവില്‍ കണ്ടശേഷം കരടിയെ പകല്‍ മറ്റൊരിടത്തും കണ്ടിരുന്നില്ല.

കാല്‍പ്പാടുകള്‍ പിന്തുടരാന്‍ ശ്രമിച്ചെങ്കിലും കരടി പോയവഴി കണ്ടെത്താനായില്ല. പുഴയൊഴുക്കുനോക്കി കരടി കാടുപിടിച്ചിട്ടുണ്ടാകാം എന്ന നിഗമനത്തിലായിരുന്നു വനംവകുപ്പ്. രാത്രി കരടിയെ വീണ്ടും കണ്ടു. ഇന്നലെ അര്‍ദ്ധരാത്രിയാണ് ഇരുളം ഫോറസ്റ്റ് പരിസരത്തു നിന്ന് കരടിയെ കാട്ടിലേക്ക് കയറ്റിയത്. ഞായറാഴ്ച പുലര്‍ച്ചെ 2 മണിയോടെ പയ്യമ്പള്ളിയിലാണ് കരടിയെ ആദ്യം കണ്ടത്.

പിന്നീട് തോണിച്ചാല്‍, പീച്ചങ്കോട്, തരുവണ കരിങ്ങാരി എന്നീ മേഖലകളിലെത്തി. ഒരു ദിവസം മുന്‍പ് കരിങ്ങാരിയിലെ നെല്‍പ്പാടത്തും തോട്ടത്തിലുമായി കരടിയെ കണ്ടു. വനംവകുപ്പ് മയക്കുവെടിക്ക് ശ്രമിച്ചെങ്കിലും ഫലിച്ചിരുന്നില്ല. അവശന്‍ ആണെങ്കിലും കരടി അതിവേഗം മറ്റൊരിടത്തേക്ക് ഓടി മറയുന്നതാണ് ദൗത്യ സംഘത്തിന് മുന്നിലെ വെല്ലുവിളിയായി മാറിയത്. ഇരുട്ടു വീഴുംവരെ കരടിക്ക് പിറകെയായിരുന്നു ആര്‍ആര്‍ടി. ഒടുവില്‍ അര്‍ദ്ധരാത്രിയോടെ ആശ്വാസമായി.