Monday, April 29, 2024
keralaNewsObituary

നമിതയുടെ മരണം നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പും പൊലീസും

കൊച്ചി: മൂവാറ്റുപുഴയില്‍ കോളേജ് വിദ്യാര്‍ത്ഥിയായ നമിതയെ ബൈക്ക് ഇടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പും പൊലീസും. പ്രതി ആന്‍സണ്‍ റോയിയുടെ ആന്‍സണ്‍ റോയിയുടെ ലൈസന്‍സും ആര്‍സിയും മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കും. പ്രതി ഓടിച്ച ബൈക്കിന് കുഴപ്പങ്ങള്‍ ഇല്ലെന്നും അമിത വേഗതയാണ് അപകടത്തിന് കാരണമെന്നുമാണ് പ്രാഥമിക നിഗമനം. ആന്‍സണ്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയാല്‍ അറസ്റ്റിലേക്ക് കടക്കാനാണ് പൊലീസിന്റെ നീക്കം. കഴിഞ്ഞ ദിവസമാണ് മൂവാറ്റുപുഴ നിര്‍മ്മല കോളേജ് ബി കോം അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ വാളകം കുന്നയ്ക്കാല്‍ നമിത ബൈക്കിടിച്ച് മരിച്ചത്. മൂവാറ്റുപുഴയില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടയിലായിരുന്നു അപകടം. നമിതയുടെ കൂടെ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥിനിക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. നിര്‍മ്മല കോളേജിന് മുന്നിലാണ് അപകടം നടന്നത്. കോളേജ് ജംഗ്ഷനില്‍ റോഡ് മുറിച്ച്കടക്കുകയായിരുന്ന വിദ്യാര്‍ത്ഥികളെ മൂവാറ്റുപുഴ ഭാഗത്ത് നിന്ന് വന്ന ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.ബൈക്ക് ഓടിച്ചിരുന്ന ആന്‍സണ്‍ റോയിക്കും അപകടത്തില്‍ സാരമായി പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റവരെ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും നമിതയുടെ ജീവന്‍ രക്ഷിക്കാനായിരുന്നില്ല. അമിത വേഗമാണ് അപകട കാരണമെന്ന് നാട്ടുകാരും വിദ്യാര്‍ത്ഥികളും ആരോപിക്കുന്നത്.