Saturday, May 4, 2024
keralaNews

നടിയെ ആക്രമിച്ച കേസ്; നടന്‍ ദിലീപ് സുപ്രീംകോടതിയില്‍.

നടിയെ ആക്രമിച്ച കേസില്‍ തടസ്സ ഹര്‍ജിയുമായി നടന്‍ ദിലീപ് സുപ്രീംകോടതിയില്‍. വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തന്റെ വാദം കേള്‍ക്കണമെന്നാണ് ദിലീപിന്റെ ആവശ്യം. വിചാരണ കോടതി ജഡ്ജിയെ മാറ്റരുത് എന്ന് ദിലീപ് സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടേക്കും.വിചാരണ കോടതി ജഡ്ജിയെ ഇപ്പോള്‍ മാറ്റിയാല്‍ സുപ്രീംകോടതി നിശ്ചയിച്ച സമയ പരിധിക്ക് ഉള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിയില്ല എന്നാണ് ദിലീപിന്റെ വാദം. കേസിലെ പ്രധാനപ്പെട്ട സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായതിനാല്‍ ജഡ്ജിയെ മാറ്റിയാല്‍ ഇത് വീണ്ടും നടത്തേണ്ടി വരും എന്നും ദിലീപിന്റെ അഭിഭാഷകര്‍ കോടതിയെ അറിയിക്കും. ദിലീപിന് വേണ്ടി പ്രമുഖ അഭിഭാഷകന്‍ മുകുള്‍ റോത്തഗി സുപ്രീംകോടതിയില്‍ ഹാജരായേക്കും. കേസിലെ നാലാം പ്രതിയായ വിജീഷ് വി പിയും തടസ്സ ഹര്‍ജി നല്‍കിയിട്ടുണ്ട്. കേസില്‍ വിചാരണ കോടതി മാറ്റണം എന്ന് ആവശ്യപ്പെട്ട് കേരളം കഴിഞ്ഞ ആഴ്ച ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഇരയായ നടിയെ ഇരുപതിലേറെ അഭിഭാഷകരുടെ സാന്നിധ്യത്തില്‍ മണിക്കൂറുകളോളം ക്രോസ് വിസ്താരം ചെയ്തു ബുദ്ധിമുട്ടിച്ചു. ഇത് രഹസ്യവിചാരണ എന്നതിന്റെ അന്തസത്ത തകര്‍ക്കുന്നതാണെന്നും ഹര്‍ജിയില്‍ പറയുന്നു. സംസ്ഥാനസര്‍ക്കാരിന്റെ ഹര്‍ജി ക്രിസ്തുമസ് അവധിക്ക് കോടതി അടയ്ക്കും മുന്‍പ് പരിഗണിച്ചേക്കുമെന്നാണ് സൂചന. നടിയെ ആക്രമിച്ചകേസില്‍ അടുത്ത വര്‍ഷം ഫെബ്രുവരിക്കുള്ളില്‍ വിചാരണപൂര്‍ത്തിയാക്കാനാണ് സുപ്രീംകോടതി നിര്‍ദ്ദേശം.