Tuesday, April 23, 2024
HealthindiaNews

കൊറോണ പരിസമാപ്തിയിലേയ്ക്ക് എന്ന് ലോകാരോഗ്യ സംഘടന

കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ ആശ്വാസ വാക്കുകളുമായി ലോകാരോഗ്യ സംഘടന. വാക്സിന്‍ പരീക്ഷണങ്ങള്‍ ഫലം കണ്ട് തുടങ്ങിയിരിക്കുകയാണ്. അതിനാല്‍ ലോകത്തിന് ഇനി സ്വപ്നം കണ്ട് തുടങ്ങാമെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അധനോം ഗബ്രിയാസിസ് പറഞ്ഞു.കൊറോണ കാലം സൃഷ്ടിച്ച പ്രതിസന്ധികളെ അതിജീവിച്ച് ഇനി മുന്നോട്ട് പോകാം. ഉത്പ്പാദനത്തിന്റെയും ഉപഭോഗത്തിന്റെയും പഴയ കാലത്തേയ്ക്ക് അതേപടി തിരിച്ചെത്താം. വാക്സിന്‍ സ്വകാര്യ സ്വത്തായി ആരും കാണരുത്. ലോകത്ത് എല്ലായിടത്തും വാക്സിന്‍ വിതരണം ചെയ്യാന്‍ ഉതകുന്ന രീതിയിലുള്ള നടപടികളാണ് എല്ലാ രാജ്യങ്ങളും സ്വീകരിക്കേണ്ടതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.മനുഷത്വപരമായ പ്രവൃത്തികളും മനുഷ്യത്വരഹിതമായ പ്രവൃത്തികളും കൊറോണയുടെ കാലഘട്ടം കാണിച്ചുതന്നു.നിസ്വാര്‍ത്ഥതയും സഹാനുഭൂതിയും പ്രചോദനപരമായ പ്രവര്‍ത്തനങ്ങളുമെല്ലാം കാണാനായി. ഗവേഷണങ്ങളുടെയും പുതിയ ആവിഷ്‌കാരങ്ങളുടെയും അത്ഭുതാവഹമായ നേട്ടങ്ങളും കൊറോണ കാലത്തുണ്ടായി.അതിനാല്‍ വാക്സിന്‍ വിതരണത്തില്‍ ദരിദ്ര രാജ്യങ്ങളെ സമ്പന്ന രാഷ്ട്രങ്ങള്‍ ചവിട്ടിയമര്‍ത്തരുതെന്നും വൈറസിനെ എന്നെന്നേക്കുമായി നശിപ്പിക്കാമെന്നും ടെഡ്രോസ് അധനോം ഗബ്രിയാസിസ് പറഞ്ഞു.