Tuesday, April 30, 2024
keralaNews

ദേശീയ പണിമുടക്കിന്റെ ആദ്യ ദിനത്തില്‍ സംസ്ഥാനത്ത് വ്യാപക അക്രമം

തിരുവനന്തപുരം : രണ്ടുദിവസത്തെ ദേശീയ പണിമുടക്കിന്റെ ആദ്യ ദിനത്തില്‍ സംസ്ഥാനത്ത് വ്യാപക അക്രമം. സമരക്കാര്‍ സ്വാകാര്യവാഹനങ്ങളുടെ ചില്ല് അടിച്ചു തകര്‍ക്കുകയും, ജോലിക്കെത്തിയ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. മറ്റ് സംസ്ഥാനങ്ങളില്‍ ജനജീവിതം സാധാരണഗതിയില്‍ മുന്നോട്ട് നീങ്ങുമ്പോഴാണ് സംസ്ഥാനത്ത് സമരക്കാര്‍ അഴിഞ്ഞാടുന്നത്.പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനം ഏറെക്കുറെ സ്തംഭിച്ചെങ്കിലും ചില മേഖലകളില്‍ കടകള്‍ ഉള്‍പ്പെടെ തുറന്ന് പ്രവര്‍ത്തിക്കുകയും സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാദ്ധ്യമങ്ങളിലൂടെ പുറത്തിറഞ്ഞതോടെയാണ് സമരക്കാര്‍ക്ക് ഹാലിളകിയത്. പിന്നീട് വിവിധയിടങ്ങളില്‍ സംഘടിച്ചെത്തിയ സമരക്കാര്‍ കടകള്‍ ബലം പ്രയോഗിച്ച് അടപ്പിച്ചു. ജോലിക്കെത്തിയ ജീവനക്കാരെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചു. സ്വകാര്യ വാഹനങ്ങള്‍ ആക്രമിച്ചു.

തിരുവനന്തപുരത്ത് സ്വകാര്യ വാഹനങ്ങള്‍ സമരക്കാര്‍ തടഞ്ഞു. കേന്ദ്രസര്‍ക്കാരിനെതിരെ ജനങ്ങള്‍ക്ക് വേണ്ടിയാണ് സമരം ചെയ്യുന്നതെന്നും,അതിനാല്‍ ഒരാളേയും നിരത്തിലിറങ്ങാന്‍ സമ്മതിക്കില്ലെന്നുമായിരുന്നു സമരക്കാരുടെ ആഹ്വാനം. പ്രാവച്ചമ്പലത്ത് പോലീസ് നോക്കിനില്‍ക്കെയായിരുന്നു സമരക്കാര്‍ വാഹനങ്ങള്‍ തടഞ്ഞത്. ജോലിക്കെത്തിയവരെയും രോഗികളെയും ഭീഷണിപ്പെടുത്തി തിരിച്ചയച്ചു. പേട്ടയില്‍ കോടതിയിലേക്ക് പോയ മജിസ്ട്രേറ്റിന്റെ വാഹനം സമരക്കാര്‍ തടഞ്ഞു. തുടര്‍ന്ന് സംഭവത്തില്‍ മജിസ്ട്രേറ്റ് പോലീസിനോട് വിശദീകരണം തേടിയിട്ടുണ്ട്. കാട്ടാക്കടയില്‍ സമരക്കാര്‍ റോഡില്‍ കസേരകള്‍ നിരത്തിയായിരുന്നു ഗതാഗതം തടസ്സപ്പെടുത്തിയത്.

ഒന്നാം ദിനം എറണാകുളം ജില്ലയും പൂര്‍ണമായി സ്തംഭിച്ചു. രാവിലെ ചില കടകള്‍ തുറന്ന് പ്രവര്‍ത്തിച്ചെങ്കിലും പിന്നീട് സമരക്കാരെ ഭയന്ന് വ്യാപാരികള്‍ കടകള്‍ അടച്ചിട്ടു. ബിപിസിഎല്ലിലെ പണിമുടക്ക് ഹൈക്കോടതി തടഞ്ഞെങ്കിലും ഫലമുണ്ടായില്ല. ഇതിനെതിരെ ജീവനക്കാര്‍ പ്രതിഷേധിച്ചു. പാലക്കാട് കഞ്ചിക്കോട് കിന്‍ഫ്രയില്‍ എത്തിയ ജീവനക്കാരെ സമരക്കാര്‍ ഭീഷണിപ്പെടുത്തി മടക്കി അയച്ചു. ആലപ്പുഴയില്‍ ഹൗസ്ബോട്ടുകളുടെ പ്രവര്‍ത്തനം സമരക്കാര്‍ തടസ്സപ്പെടുത്തി.കോഴിക്കോട് സംസ്ഥാനത്തെ മുഴുവന്‍ കടകളും അടച്ചിട്ടു. സര്‍വ്വീസ് നടത്തിയ ഓട്ടോയുടെ കാറ്റ് സമരക്കാര്‍ ഊരിവിട്ടു. വോളിബോര്‍ മത്സരത്തിനെത്തിയ റഫറിയെ റെയില്‍വേ സ്റ്റേഷനിലേക്കുള്ള യാത്രയ്ക്കിടെ ഓട്ടോയില്‍ നിന്നും ഇറക്കിവിട്ടു. ഗോവിന്ദാപുരം സ്വദേശിയുടെ ഓട്ടോയും സമരക്കാര്‍ അടിച്ചുതകര്‍ത്തു.