Monday, April 29, 2024
keralaNewspolitics

ദേവികുളം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രനെ ഒരു വര്‍ഷത്തേക്ക് പുറത്താക്കി

തിരുവനന്തപുരം: സിപിഎം ദേവികുളം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രനെതിരെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഇടുക്കി ജില്ലാ കമ്മിറ്റി ശുപാര്‍ശ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു. ഒരു വര്‍ഷത്തേക്കാണ് സസ്‌പെന്‍ഷന്‍. പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്നതിനാലാണ് നടപടി വൈകിയതെന്നാണ് വിശദീകരണം.ദേവികുളത്തെ ഇടത് സ്ഥാനാര്‍ത്ഥി എ.രാജയെ പരാജയപ്പെടുത്താന്‍ എസ്. രാജേന്ദ്രന്‍ ശ്രമിച്ചെന്നും വിജയിപ്പിക്കാന്‍ വേണ്ട ശ്രമങ്ങള്‍ നടത്തിയില്ലെന്നും കണ്ടെത്തിയിരുന്നു. പാര്‍ട്ടി നിയോഗിച്ച കമ്മിഷനാണ് ഇത് കണ്ടെത്തി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതിന് പിന്നാലെ എസ്. രാജേന്ദ്രനെ താല്‍കാലികമായി പുറത്താക്കണമെന്ന് ഇടുക്കി ജില്ലാ കമ്മിറ്റി ശുപാര്‍ശ ചെയ്തു. സംഘടനാ വിരുദ്ധത ചൂണ്ടിക്കാട്ടിയായിരുന്നു രാജേന്ദ്രനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന ജില്ലാ കമ്മിറ്റിയുടെ ആവശ്യം.

എന്നാല്‍ പുറത്താക്കല്‍ നടപടിയെക്കുറിച്ച് ഔദ്യോഗികമായ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് എസ്. രാജേന്ദ്രന്റെ പ്രതികരണം. സസ്പെന്‍ഷന്‍ നടപടി യാഥാര്‍ത്ഥ്യമാണെങ്കില്‍ അംഗീകരിക്കാതിരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഐയിലേക്ക് പോയേക്കുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും എസ്. രാജേന്ദ്രന്‍ വ്യക്തമാക്കി.