Tuesday, May 14, 2024
keralaNewsObituary

ദുരൂഹ സാഹചര്യത്തില്‍ ഭാര്യ കൊല്ലപ്പെട്ട അതേ വീട്ടില്‍ ഭര്‍ത്താവിന്റെ മൃതദേഹം കണ്ടെത്തി

ഇടുക്കി: ദുരൂഹ സാഹചര്യത്തില്‍ ഭാര്യ കൊല്ലപ്പെട്ട അതേ വീട്ടില്‍ ഭര്‍ത്താവിന്റെ മൃതദേഹം കണ്ടെത്തി. കട്ടപ്പന കൊച്ചുതോവാളയില്‍, കൊച്ചുപുരയ്ക്കല്‍ താഴത്ത് വീട്ടില്‍ ജോര്‍ജ്ജിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഒരു വര്‍ഷം മുന്‍പ് ജോര്‍ജ്ജിന്റെ ഭാര്യ ചിന്നമ്മയാണ്  കൊല്ലപ്പെട്ടത്. എന്നാല്‍ മരണം കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.ശനിയാഴ്ച ആലപ്പുഴയിലുള്ള ധ്യാന കേന്ദ്രത്തില്‍ പോകുമെന്ന് ജോര്‍ജ്ജ് മക്കളോട് പറഞ്ഞിരുന്നു. തിരിച്ചു വരേണ്ട സമയം കഴിഞ്ഞിട്ടും എത്താത്തതിനെ തുടര്‍ന്ന് മക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഒറ്റപ്പെട്ട വീടിന്റെ മുകളിലത്തെ നിലയില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. ജോര്‍ജ്ജ് ഒറ്റയ്ക്കായിരുന്നു താമസം. 2021 ഏപ്രില്‍ 8ന് ഇതേ വീട്ടിലാണ് ഭാര്യ ചിന്നമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ ചിന്നമ്മ തനിച്ചായിരുന്നു താമസം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചോര വാര്‍ന്ന് മരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കേസില്‍ ഇതുവരെയും പ്രതികളെ പിടികൂടിയിട്ടില്ല.ഈ കേസില്‍ അന്വേഷണം തുടരുകയാണ്. ചിന്നമ്മയുടെ നാല് പവന്‍ വരുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാനില്ലെന്ന് ജോര്‍ജ്ജ് പോലീസിന് മൊഴി നല്‍കിയിരുന്നു. കൊലപാതകത്തിന് പിന്നാലെ, പ്രദേശത്തെ സിസിടിവിയില്‍ നിന്നും ഒരാളുടെ ദൃശ്യം പോലീസിന് ലഭിച്ചിരുന്നുവെങ്കിലും ഇയാളെ പിടികൂടാന്‍ സാധിച്ചിരുന്നില്ല. അന്ന് ജോര്‍ജ്ജിനെ പോലീസ് നുണ പരിശോധനക്ക് വിധേയനാക്കിയിരുന്നു. ജോര്‍ജ്ജിന്റേത് സ്വാഭാവിക മരണമാണെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭ്യമായാലേ കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ സാധിക്കൂവെന്ന് പോലീസ് വ്യക്തമാക്കി.