Friday, May 10, 2024
keralaNews

ആരും തിരിഞ്ഞു നോക്കിയില്ല; എരുമേലി ഓരുങ്കല്‍കടവ് പാലം സഞ്ചാരയോഗ്യമാക്കാന്‍ ടിബര്‍ യൂണിയനുകള്‍ രംഗത്ത്

എരുമേലി: ആരും തിരിഞ്ഞു നോക്കാഞ്ഞതിനെ തുടര്‍ന്ന് എരുമേലി ഓരുങ്കല്‍കടവ് പാലം എരുമേലിയിലെ വിവിധ ടിബര്‍ യൂണിയനുകള്‍ സഞ്ചാരയോഗ്യമാക്കാന്‍ രംഗത്തെത്തിയത് മാതൃകയായി. കഴിഞ്ഞ മഴവെള്ളപ്പൊക്കത്തിലാണ് കുറുവാമൂഴി – എരുമേലി സമാന്തര പാതയില്‍ മണിമലയാറിന് കുറുകെ ഓരുങ്കല്‍ കടവില്‍ നിര്‍മ്മിച്ച പാലത്തില്‍ ടണ്‍ കണക്കിന് മാലിന്യം വന്ന് നിറഞ്ഞത്. നിരവധിയായ മരങ്ങളും, മുളക്കൂട്ടങ്ങളും, പ്ലാസ്റ്റിക്ക് അടക്കം വരുന്ന സാധനങ്ങളാണ് പാലത്തില്‍ വന്നടിഞ്ഞത്. കഴിഞ്ഞ നാല് ദിവസമായി കിടന്ന മാലിന്യങ്ങള്‍ നീക്കാന്‍ ഇതുവരെ ആരും വരാഞ്ഞതിനെ തുടര്‍ന്നാണ് എരുമേലിയിലെ എട്ടോളം വരുന്ന ടിബര്‍ യൂണിയനുകള്‍ ശുചീകരണം ഏറ്റെടുത്തതെന്നും തൊഴിലാളികള്‍ പറഞ്ഞു.പാലത്തില്‍ മരങ്ങള്‍ വന്നെടിഞ്ഞതോടെ ഇതുവഴിയുള്ള ഗതാഗതവും ദിവസങ്ങളായി തടസ്സപ്പെട്ട് കിടക്കുകയുമായിരുന്നു. വിവിധ യൂണിയനുകളില്‍പ്പെട്ട 50 ലധികം തൊഴിലാളികളാണ് സേവന സന്നദ്ധരായി പാലത്തിലെ മാലിന്യങ്ങള്‍ ഇന്ന് രാവിലെ മുതല്‍ നീക്കാന്‍ തുടങ്ങിയത്. കെ. ജെ സാബു ( സി.ഐ.റ്റി യു )വിവി .രവി ( ഐ എന്റ്റിയു സി ) പി.എ അഷറഫ് ( കെ റ്റി യു സി ) വി എന്‍ ശശി ( ബി എം എസ്) എസ്. ബാബു ( എഐറ്റിയുസി) റ്റി കെ. ബാബു ( സികെറ്റി യു ) എം എം ലാലു ( എച്ച് എം എസ്) മുഹമ്മദ് അലി ( യുറ്റിയുസി ) എന്നീ യൂണിയനുകളും – നേതാക്കളുടെ നേതൃത്വത്തിലാണ് ശുചീകരണം തുടങ്ങിയത്. തടി വ്യാപാരിയായ പുത്തന്‍ വീട്ടില്‍ പി പി തങ്കച്ചനാണ് ശുചീകരണത്തിനാവശ്യമായ വാഹനമുള്‍പ്പെടെയുള്ള സൗജന്യമായി സാധനങ്ങളും – മറ്റ് ചിലവുകളും ഏറ്റെടുത്തിരിക്കുന്നത്.