Tuesday, May 7, 2024
keralaNewspolitics

ദുരിതാശ്വാസ ഫണ്ട് വകമാറ്റല്‍; പണം നല്‍കാന്‍ അധികാരമുണ്ടെന്ന് ലോകായുക്ത

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ഹര്‍ജി ലോകായുക്ത തള്ളി. ഉപലോകായുക്തമാര്‍ വിധി പറയരുതെന്ന ആദ്യത്തെ ഹര്‍ജിയും തള്ളിയതിന് പിന്നാലെയാണ് പ്രധാന ഹര്‍ജിയും ലോകായുക്ത ഫുള്‍ ബെഞ്ച് തള്ളിയത്. പണം നല്‍കാന്‍ മുഖ്യമന്ത്രിക്ക് അധികാരമുണ്ടെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും ക്രമക്കേട് നടത്തിയിട്ടില്ലെന്നും ഹര്‍ജി തള്ളികൊണ്ടുള്ള വിധിയില്‍ ലോകായുക്ത വ്യക്തമാക്കി. 2018 ല്‍ നല്‍കിയ ഹര്‍ജിയിലാണ് ഫുള്‍ബെഞ്ചിന്റെ വിധി വന്നിരിക്കുന്നത്. വിധി പറയുന്നതില്‍ നിന്നും ഉപലോകായുക്തമാരായ ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദിനെയും, ജസ്റ്റിസ് ബാബു മാത്യു പി ജോസഫിനെയും ഒഴിവാക്കണമെന്ന പരാതിക്കാരന്‍ ആര്‍എസ് ശശികുമാറിന്റെ ഹര്‍ജിയാണ് ആദ്യം തള്ളിയത്. ഇതിനുശേഷമാണ് ചട്ടം ലംഘിച്ച് ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതില്‍ മുഖ്യമന്ത്രിക്കും ഒന്നാം പിണറായി സര്‍ക്കാറിലെ 18 മന്ത്രിമാര്‍ക്കുമെതിരെയായ പ്രധാന ഹര്‍ജിയും ലോകായുക്ത തള്ളിയത്. മാര്‍ച്ച് 31 ന് ലോകായുക്ത ഡിവിഷന്‍ ബെഞ്ച് ഭിന്ന വിധി പറഞ്ഞതോടെയാണ് കേസ് ഫുള്‍ ബെഞ്ചിന് വിട്ടത്. മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസമാകുന്ന വിധിയാണ് ലോകായുക്ത പുറപ്പെടുവിപ്പിച്ചത്. പണം നല്‍കാന്‍ മുഖ്യമന്ത്രിക്ക് അധികാരമുണ്ടെന്നും ലോകായുക്ത വ്യക്തമാക്കി.