Thursday, May 16, 2024
Local NewsNews

എരുമേലി ഗ്രാമ പഞ്ചായത്തിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷം

അംഗന്‍വാടി നിയമനത്തില്‍ സ്വജന പക്ഷപാതം

ലൈഫ് ഗാര്‍ഡായി പ്രസിഡന്റിന്റെ മകനെ നിയമിച്ചു

പഞ്ചായത്ത് ജീവനക്കാരെ ഭരണ സമിതി അപമാനിക്കുന്നു

കവുങ്ങും കുഴി മാലിന്യ പ്ലാന്റിലെ തൊഴിലാളികളെ പിരിച്ചു വിട്ടു 

വാര്‍ഡംഗത്തെ രണ്ടാം റാങ്കിലെത്തിച്ച് അംഗന്‍വാടി ടീച്ചറാക്കാന്‍ നീക്കം

എരുമേലി : ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രധാന കേന്ദ്രമായ എരുമേലിയില്‍ യുഡിഎഫ് പഞ്ചായത്ത് ഭരണ സമിതിക്കെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ എല്‍ ഡി എഫ് അംഗങ്ങള്‍ രംഗത്ത്. പഞ്ചായത്ത് ജീവനക്കാരേയും – ഉദ്യോഗസ്ഥരേയും രണ്ടാം നിര പൗരന്മാരായി കാണുകയാണെന്നും – അപമാനിച്ചും , ഭീഷണിപ്പെടുത്തിയും സമ്മര്‍ദ്ദത്തിലാക്കുകയാണെന്നും പ്രതിപക്ഷ നേതാക്കള്‍ .

ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി എരുമേലിയിലെ മാലിന്യ സംസ്‌കരണം വലിയ പ്രതിസന്ധിയിലാണ്. കവുങ്ങുംകുഴിയില്‍ ജൈവ- അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച നാല് പേരെ മാറ്റിയതിലും ദുരൂഹത ഉണ്ട് . നിലവിലുള്ള തൊഴിലാളികളെ കൂടാതെ നാല് പേരെക്കൂടി ക്രമവിരുദ്ധമായി നിയമിക്കാനുള്ള ഭരണ സമിതിയുടെ നീക്കത്തെ എതിര്‍ത്തതാണ് , ജോലി ചെയ്തിരുന്നവരെ പിരിച്ചു വിട്ടതെന്നും പ്രതിപക്ഷ അംഗങ്ങള്‍ പറഞ്ഞു.

എരുമേലി പഞ്ചായത്തിലെ അംഗന്‍വാടി ടീച്ചര്‍മാരുടെ നിയമനത്തിലാണ് സ്വജനപക്ഷപാതം കാട്ടിയത്. എരുമേലി കെ എസ് ആര്‍ റ്റി സി യില്‍ ജോലിയുള്ള ഐ എന്‍ റ്റി യു സി നേതാവിന്റെ ഭാര്യയെ ടീച്ചറായി നിയമിച്ചതും, യുഡിഎഫ് ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ആയ അംഗത്തെ രണ്ടാം റാങ്കില്‍ ഉള്‍പ്പെടുത്തിയതും ഗുരുതരമായ വിവേചനമാണെന്നും ഇവര്‍ പറഞ്ഞു.

ശബളം ഒന്നും വേണ്ടാതെ എ ഇ ഓഫീസില്‍ ഒരാളെ സഹായിക്കാന്‍ നിര്‍ത്തിയതും , യാതൊരു കാരണവും താത്ക്കാലിക ജീവനക്കാരെ പിരിച്ച് വിട്ട് ഇഷ്ടക്കാരെ പിന്നീട് നിയമിക്കുന്നതിന് പിന്നിലും വലിയ അഴിമതിയാണെന്നും അംഗങ്ങള്‍ പറഞ്ഞു. കെടുകാര്യസ്ഥത മൂലം പഞ്ചായത്തിന്റെ ഓണ്‍ ഫണ്ട് ക്രമവിരുദ്ധമായാണ് ചില വഴിക്കുന്നത്. ശബരിമല തീര്‍ത്ഥാടന
യോഗത്തില്‍ വച്ച് എംപി യെ ക്ഷണിച്ചില്ലായെന്ന് പറഞ്ഞ് യോഗം ബഹിഷ്‌ക്കരിച്ച് ഇറങ്ങിപ്പോയത് തീര്‍ത്ഥാടകരെ അപമാനിക്കുന്നതിന് തുല്യമാണന്നും ഇവര്‍ പറഞ്ഞു.

മന്ത്രിയുടെ യോഗത്തില്‍ വച്ച് പഞ്ചായത്തില്‍ വലിയ തര്‍ക്കമാണെന്ന് വരുത്തി തീര്‍ത്ത് സെക്രട്ടറിയെ അപമാനിച്ചതും , പഞ്ചായത്ത് ഓഫീസിലെത്തിയ വെറ്റിനറി ഡോക്ടറെ അപമാനിച്ചതും വലിയ പ്രതിഷേധത്തിന് കാരണമായി. ആട് ,പോത്ത് വിതരണ പദ്ധതിയില്‍ ഗുണഭോക്താക്കള്‍ മൂന്ന് മാസമായി പണമടച്ചിട്ടും പദ്ധതി നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല . ഇതിനായി പര്‍ച്ചേഴ്‌സ് കമ്മറ്റി അംഗീകരിച്ച മൂന്ന് ക്വട്ടേഷനുകളും യുഡിഎഫ് അംഗങ്ങളുടെ എതിര്‍പ്പ് മൂലം മാറ്റിവച്ചു.

വെറ്റിനറി ഡോക്ടറുടെ നിര്‍ദേശം അവഗണിച്ച് സര്‍ക്കാര്‍ ഏജന്‍സി അല്ലാത്ത സ്ഥലത്ത് നിന്നും ആടിനേയും – പോത്തിനേയും വാങ്ങാനുള്ള നീക്കമാണ് നടക്കുന്നതെന്നും ഇവര്‍ പറഞ്ഞു. ഇതിന് പിന്നില്‍ കമ്മീഷന്‍ അഴിമതിയാണെന്നും അംഗങ്ങള്‍ പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്ക് പിന്തുണ കൊടുക്കാതെ അവരെ ഭീഷണിപ്പെടുത്തുന്നതുമൂലം എരുമേലി പഞ്ചായത്തിന്റെ പ്രവര്‍ത്തനത്തെ താളം തെറ്റിക്കുകയാണ് ഭരണ സമിതിയെന്നും അംഗങ്ങള്‍ പറഞ്ഞു.

സെക്രട്ടറിയോട് മോശമായി സംസാരിച്ചതിന്റെ പേരില്‍ ഓംബു സ്മാനില്‍ കേസ് ഫയല്‍ ചെയ്തിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. തീര്‍ത്ഥാടന കാലത്തെ വര്‍ഷങ്ങളായി ഉണ്ടായിരുന്ന ഏഴ് കുളികടവുകള്‍ക്ക് പകരം പത്ത് കടവുകളാക്കി ഉയര്‍ത്തി പ്രസിഡന്റിന്റെ മകനെ ലൈഫ് ഗാര്‍ഡായി നിയമിച്ചെന്നും അവര്‍ പറഞ്ഞു. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയില്‍ പഞ്ചായത്ത് ലൈസന്‍സ് ഇല്ലാതെ നിരവധി കടകളുണ്ടെന്നും ഇക്കാര്യത്തില്‍ പഞ്ചായത്ത് യാതൊരു വിധ പരിശോധനയും നടത്തുന്നില്ലെന്നും അവര്‍ പറഞ്ഞു.

ഭരണ സമിതിയുടെ പീഡനം കാരണം ഉദ്യോഗസ്ഥര്‍ എരുമേലിയിലേക്ക് വരാന്‍ മടിക്കുകയാണെന്നും അവര്‍ പറഞ്ഞു, യുഡിഎഫ് നേതൃത്വം നല്‍കുന്ന എരുമേലി ഗ്രാമ പഞ്ചായത്തിന്റെ അഴിമതി ഭരണത്തിനെതിരെ ശക്തമായ സമരം നടത്താനാണ് എല്‍ഡിഎഫിന്റ തീരുമാനമെന്നും നേതാക്കള്‍ പറഞ്ഞു.

എരുമേലി മീഡിയ സെന്ററില്‍ നടന്ന പത്ര സമ്മേളനത്തില്‍ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി എസ് കൃഷ്ണകുമാര്‍ , എരുമേലി പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ഹര്‍ഷന്‍, മറ്റ് അംഗങ്ങളായ തങ്കമ്മ ജോര്‍ജ്കുട്ടി, അനുശ്രീ സാബു , എം എസ് സതീഷ് കുമാര്‍ , സനില രാജന്‍, ജെസ്‌ന , പി കെ തുളസി എന്നിവര്‍ പങ്കെടുത്തു.