Friday, May 3, 2024
Local NewsNews

ദുരിതങ്ങളില്‍ വീര്‍പ്പുമുട്ടി നാട്ടുകാര്‍ ഒഴക്കനാട്, കാരിത്തോട് റോഡുകള്‍ തകര്‍ന്നിട്ട് വര്‍ഷങ്ങളായി … എന്നിട്ടും

ദുരിതങ്ങളിൽ വീർപ്പുമുട്ടി നാട്ടുകാർ                                                                    കാരിത്തോട് , ഒഴക്കനാട്  റോഡുകൾ തകർന്നിട്ട്  വർഷങ്ങളായി … എന്നിട്ടും 

ലക്ഷങ്ങൾ അനുവദിച്ചിട്ടും പണികൾ തുടങ്ങാനായില്ല .
ജനപ്രതിനിധികൾക്കെതിരെ വ്യാപക പ്രതിഷേധം 
രണ്ട് റോഡുകളും നിർദ്ദിഷ്ട ശബരിമല വിമാനത്താവള പദ്ധതി പ്രദേശത്ത് കൂടി 
എരുമേലി: നിർദ്ദിഷ്ട  ശബരിമല എരുമേലി വിമാനത്താവള പദ്ധതി പ്രദേശത്ത് കൂടി കടന്നുപോകുന്ന കാരിത്തോട് , ഒഴക്കനാട്  റോഡുകൾ തകർന്നിട്ട് വർഷങ്ങളായിട്ടും നന്നാക്കാൻ നടപടിയില്ല.കോടിക്കണക്കിന് രൂപ ചിലവ്  പ്രതീക്ഷിക്കുന്ന ശബരിമല വിമാനത്താവള പദ്ധതിക്ക് പുറകെ പോകുന്നവർ ഒഴക്കനാട് വാർഡിലെ റോഡുകൾ നന്നാക്കാൻ താൽപര്യം കാണിക്കാത്തതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മുൻ എംഎൽഎ ജോർജ് ജെ മാത്യുവിന്റെ വികസന ഫണ്ടിൽ  നിന്നും പത്ത് ലക്ഷം രൂപ ചിലവഴിച്ച്   ഓരുകൾകടവ് കാരിത്തോട്  റോഡിന്റെ മൂന്ന്  കിലോമീറ്റർ മൂന്ന് മീറ്റർ വീതിയിൽ നിർമ്മിച്ചിരുന്നു . തുടർന്നുവന്ന എംഎൽഎ അൽഫോൺസ് കണ്ണന്താനം വികസന ഫണ്ടിൽ  നിന്നും ഒന്നര കിലോമീറ്റർ 60 ലക്ഷം രൂപ ചെലവഴിച്ച നന്നാക്കിയിരുന്നു. പിന്നീട് വന്ന എംഎൽഎ പിസി ജോർജിന്റെ
വികസന ഫണ്ടിൽ  നിന്നും 50 ലക്ഷം രൂപ ചെലവഴിച്ച ബാക്കി ഭാഗവും നന്നാക്കിയിരുന്നു.  എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും തകർന്നു തരിപ്പണമായ ഈ റോഡ് നന്നാക്കാൻ തുടർന്നുവന്ന എംഎൽഎ അടക്കമുള്ള ജനപ്രതിനിധികൾക്ക് കഴിഞ്ഞില്ലെന്നാണ് നാട്ടുകാർ പറയുന്നത്.  പൈപ്പിൽക്കൂടി വെള്ളവും വന്നിട്ട് മാസങ്ങളായി.- വഴിവിളക്കും ഇല്ല. തകർന്ന റോഡ്    സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നിരവധി  പരാതികളാണ് അധികൃതർക്ക് നൽകിയതെന്നും പുൽപ്പേൽ ജയിംസ് പറഞ്ഞു. എരുമേലി ഗ്രാമപഞ്ചായത്തിലെ ഒഴക്കാനാട് വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 17 ലക്ഷം രൂപ റോഡിനായി അനുവദിച്ച് കാട്ടി ഫ്ലെക്സ് ബോർഡ്  സ്ഥാപിച്ചെങ്കിലും  മാസങ്ങൾ കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും  കേരള കോൺഗ്രസ്
നേതാവ് കൂടിയായ നടുവത്താണി എൻ എം മാണി പറഞ്ഞു. എരുമേലി –  കാരിത്തോട് – ചേനപ്പാടി  റോഡിൽ എത്തുന്ന ,  നാല് കിലോ  മീറ്ററോളം  വരുന്ന  ഓരുങ്കൽ കടവ് –  ഒഴക്കനാട് റോഡാണ് കാൽനടയാത്രയ്ക്ക് പോലും സാധിക്കാത്ത വിധം തകർന്നിരിക്കുന്നത് . ഓട്ടോറിക്ഷ അടക്കമുള്ള ടാക്സിക്കാർ ഈ വഴിവരാൻ  മടിക്കുകയാണെന്നും നാട്ടുകാർ പറഞ്ഞു. വൃദ്ധരായവരേയും – ഗർഭിണികളെയും  ആശുപത്രിയിൽ എത്തിക്കുന്നതടക്കം നിരവധി ദുരിതങ്ങളാണ് നാട്ടുകാർ നേരിടുന്നത്. വിമാനം വരുന്നതുവരെയെങ്കിലും ജീവിക്കാൻ അനുവദിക്കണമെന്നാണ്    പദ്ധതിക്കായി ഭൂമി നഷ്ടപ്പെടുന്നവരടക്കമുള്ള നാട്ടുകാർ പറയുന്നത്. ഇക്കാര്യത്തിൽ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.