Sunday, May 5, 2024
BusinesskeralaNews

ദീര്‍ഘദൂര സര്‍വ്വീസുകള്‍ക്കായി കെഎസ്ആര്‍ടിസിയുടെ ലക്ഷ്വറി ബസുകളെത്തി

തിരുവനന്തപുരം:കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വ്വീസുകള്‍ക്കായി മികച്ച ലക്ഷ്വറി ബസുകളൊരുക്കാന്‍ തയ്യാറെടുക്കുന്നു. കെഎസ്ആര്‍ടിസി വാങ്ങിയ ആദ്യ  വോള്‍വോ സ്‌ളീപ്പര്‍ ബസ്സ് തിരുവന്തപുരത്ത് എത്തി. കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ അനുവദിച്ച 50 കോടി രൂപ ഉപയോഗിച്ചാണ് അത്യാധുനിക ശ്രേണിയില്‍ ഉള്ള പുതിയ ബസുകള്‍ പുറത്തിറക്കുന്നത്. ഇതോടെ ദീര്‍ഘ ദൂരയാത്രക്കാരെ കൂടുതലായി കെഎസ്ആര്‍ടിസിയിലേക്ക് ആകര്‍ഷിക്കാനാകുമെന്നാണ് പ്രതീക്ഷ. വോള്‍വോ ഷാസിയില്‍ വോള്‍വോ തന്നെ ബോഡി നിര്‍മ്മിച്ച ഇന്ത്യയിലെ ആദ്യ എട്ട് സ്ലീപ്പര്‍ ബസുകളാണ് ഈ മാസം കെഎസ്ആര്‍ടിസിക്ക് കൈമാറുന്നത്. ഇതില്‍ ആദ്യ ബസാണ് തിരുവനന്തപുരത്ത് എത്തിച്ചത്.

ഇത്      കൂടാതെ അശോക് ലൈലാന്റ് കമ്പിനിയുടെ 20 സെമി സ്ലീപ്പര്‍, 72 നോണ്‍ എസി ബസുകളും ഘട്ടം ഘട്ടമായി കെഎസ്ആര്‍ടിസിക്ക് ലഭിക്കും. സര്‍ക്കാര്‍ അനുവദിച്ച 50 കോടിയില്‍ ബാക്കിയുള്ള 5.16 കോടി രൂപയ്ക്ക് 16 ബസുകള്‍ കൂടി വാങ്ങുവാനുള്ള ഉത്തരവും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഇതോടെ 116 ബസുകള്‍ ഉടന്‍ കെഎസ്ആര്‍ടിസിയില്‍ എത്തും. കെഎസ്ആര്‍ടിസി – സിഫ്റ്റ് ഈ ബസുകള്‍ ഉപയോഗിച്ച് കെഎസ്ആര്‍ടിസിക്ക് വേണ്ടി ദീര്‍ഘദൂര സര്‍വ്വീസുകള്‍ ആരംഭിക്കും. കെഎസ്ആര്‍ടിസി സ്വിഫ്റ്റിനെതിരെ പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ നല്‍കിയ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.  പുതിയ ബസുകള്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് വഴിയോ , കെഎസ്ആര്‍ടിസി നേരിട്ടോ സര്‍വ്വീസ് നടത്തുമെന്നതില്‍ ഹൈക്കോടതി വിധി നിര്‍ണ്ണായകമാകും.