Sunday, April 28, 2024
keralaNews

ദിലീപിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഇന്ന് ഉച്ചയ്ക്ക് 1.45 ന് ഹൈക്കോടതി പരിഗണിക്കും.

കൊച്ചി: നടി കേസിലെ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഇന്ന് ഉച്ചയ്ക്ക് 1.45 ന് ഹൈക്കോടതി പരിഗണിക്കും. പ്രോസിക്യൂഷന്റെ ആവശ്യപ്രകാരമാണ് നടപടി. കേസുമായി ദിലീപ് സഹകരിക്കുന്നില്ലെന്നും പ്രധാന തെളിവ് ആയ മൊബൈല്‍ ഫോണ്‍ ഹാജരാക്കിയില്ലെന്നുമാണ് പ്രോസിക്യൂഷന്‍ വാദം. അന്വേഷണവുമായി സഹകരിക്കണമെന്ന് ഹൈക്കോടതി ദിലീപിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ദിലീപ് ഇതു പാലിക്കാത്തത് വ്യവസ്ഥകളുടെ ലംഘനമാണ്. പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നും ഹര്‍ജിയില്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. മൊബൈല്‍ ഹാജരാക്കാന്‍ ദിലീപിന് നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെടും.ദിലീപ് അടക്കം ആറ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ബുധനാഴ്ച പരിഗണിക്കാനായിരുന്നു കോടതി മാറ്റിയത്. റെയ്ഡില്‍ പിടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിക്കാന്‍ സാവകാശം വേണമെന്ന സര്‍ക്കാര്‍ ആവശ്യത്തെ തുടര്‍ന്നായിരുന്നു നടപടി. ദിലീപ് അടക്കമുള്ളവരുടെ അറസ്റ്റ് തടഞ്ഞ നടപടി ഹൈക്കോടതി ബുധനാഴ്ചവരെ നീട്ടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ദിലീപിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഇന്ന് പരിഗണിക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷന്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.അതേസമയം നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണസംഘം ഇന്ന് വിചാരണക്കോടതിയില്‍ സമര്‍പ്പിക്കും. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം നടത്തുന്നത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ പക്കല്‍ എത്തിയെന്ന വെളിപ്പെടുത്തല്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിനൊപ്പം വിസ്താര നടപടികള്‍ ദീര്‍ഘിപ്പിക്കാന്‍ വിചാരണക്കോടതി തന്നെ സുപ്രീംകോടതിയെ സമീപിക്കണമെന്ന ആവശ്യവും പ്രോസിക്യൂഷന്‍ ഉന്നയിക്കും. ഇതിനിടെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ പക്കലുളള ദൃശ്യങ്ങള്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയും പരിഗണിക്കുന്നുണ്ട്.