Thursday, April 25, 2024
indiakeralaNews

അറ്റാഷെയ്ക്കും മുന്‍ കോണ്‍.ജനറലിനും നോട്ടീസ് നല്‍കാന്‍ കേന്ദ്രം അനുമതി നല്‍കി

കൊച്ചി: മുന്‍ മന്ത്രി കെ.ടി ജലീല്‍ നയതന്ത്ര ചാനല്‍ വഴി മതഗ്രന്ഥം, ഈന്തപ്പഴം എന്നിവ വിതരണം ചെയ്ത രണ്ട് കേസുകളില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ അനുമതി. യുഎഇ കോണ്‍സുലേറ്റ് ജനറല്‍, അറ്റാഷെ എന്നിവര്‍ക്ക് നോട്ടീസ് നല്‍കുന്നതിനാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കിയത്.

നയതന്ത്ര ചാനല്‍ വഴിയുള്ള പാഴ്സലായി മതഗ്രന്ഥവും ഈന്തപ്പഴവും കൊണ്ടുവന്നതിന് രണ്ട് കേസുകളാണ് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേന്ദ്ര അനുമതി ലഭിച്ചതോടെ കാരണം കാണിക്കല്‍ നോട്ടീസിനുള്ള കരട് തയ്യാറാക്കുകയാണ് കസ്റ്റംസ്. അറ്റാഷെയും കോണ്‍സുലേറ്റ് ജനറലും കേസില്‍ ഉള്‍പ്പെട്ട സാഹചര്യത്തിലാണ് കസ്റ്റംസ് കേന്ദ്രത്തോട് അനുമതി തേടിയത്.

കേസുമായി ബന്ധപ്പെട്ട് അന്ന് മന്ത്രിയായിരുന്ന കെ.ടി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. എന്‍ഐഎയും ഈ കേസില്‍ ചോദ്യം ചെയ്തിരുന്നു. അതൊടൊപ്പം പ്രോട്ടോക്കോള്‍ ഓഫീസറേയും കസ്റ്റംസ് നിരവധി തവണ വിളിച്ചുവരുത്തി ചോദ്യം ചെയ്തു.

നയതന്ത്ര ചാനല്‍ വഴി വന്ന സാധനങ്ങള്‍ പുറത്ത് വിതരണം ചെയ്യാന്‍ കഴിയില്ലെന്നും ഇത് ചട്ടവിരുദ്ധവും നിയമലംഘനവുമാണെന്നാണ് കസ്റ്റംസ് അന്ന് കണ്ടെത്തിയത്. നേരത്തെ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് ഈ കേസും ഒപ്പം ഡോളര്‍ കടത്ത് കേസും രജിസ്റ്റര്‍ ചെയ്തത്.