Friday, May 3, 2024
EntertainmentkeralaNews

ദിലീപിനെതിരായ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി ശരിയെന്ന് പള്‍സര്‍ സുനി.

നടന്‍ ദിലീപിനെതിരായ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി ശരിയെന്ന് പള്‍സര്‍ സുനി. ബാലചന്ദ്രകുമാറിനെ പരിചയമുണ്ട്. ഒരേ വാഹനത്തില്‍ യാത്ര ചെയ്തിട്ടുണ്ടെന്നുമാണ് പള്‍സര്‍ സുനിയുടെ മൊഴി. ദിലീപിന്റെ സഹോദരന്‍ അനൂപിനൊപ്പമാണ് ബാലചന്ദ്രകുമാറിനെ കണ്ടത്. സിനിമയുടെ കഥ പറയാന്‍ വന്നയാളാണെന്നാണ് പരിചയപ്പെടുത്തിയത്. ദിലീപ് അന്നേ ദിവസം പണം നല്‍കിയിരുന്നെന്നും പള്‍സര്‍ സുനി ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തി.ഇന്നലെ ഉച്ചയോടെയാണ് ബാലചന്ദ്രകുമാറിനെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കളമശ്ശേരി ഓഫിസിലേക്ക് വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയത്. എറണാകുളം സബ്ജയിലില്‍ എത്തിയാണ് ഇന്നലെ പള്‍സര്‍ സുനിയെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്. കേസിലെ പുതിയ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് പള്‍സര്‍ സുനിയെ ചോദ്യം ചെയ്യുന്നത് അനിവാര്യമെന്നായിരുന്നു അനേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഇതിനടിസ്ഥാനമായ ചോദ്യം ചെയ്യലാണ് വൈകിട്ടോടെ പൂര്‍ത്തിയായത്. ഏകദേശം ഒരുമണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടുനിന്നു.പള്‍സര്‍ സുനിക്ക് നേരത്തെ പറഞ്ഞതില്‍ നിന്നും കൂടുതല്‍ കാര്യങ്ങള്‍ കേസുമായി ബന്ധപ്പെട്ട് പറയാനുണ്ടോ, കൊട്ടേഷന്‍ അടക്കമുള്ള കാര്യങ്ങളിലേക്ക് നയിച്ച കാര്യങ്ങള്‍ ഉള്‍പ്പെടെ എല്ലാത്തിനുമുള്ള വിശദീകരണം അന്വേഷണസംഘം തേടിയിട്ടുണ്ട്. കോടതിയുടെ അനുമതിയോടെയാണ് അന്വേഷണ സംഘത്തിന്റെ നീക്കം.അതേസമയം വധശ്രമ, ഗൂഡാലോചന കേസിലെ ദിലീപ് അടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയിലും ഫോണുകള്‍ കൈമാറണമെന്നുള്ള പ്രോസിക്യൂഷന്റെ ഉപഹര്‍ജിയിലും ഹൈക്കോടതി ഇന്ന് തുടര്‍വാദം കേള്‍ക്കും. രാവിലെ 11 മണിക്ക് പ്രത്യേക സിറ്റിംഗ് നടത്തിയാണ് ജാമ്യാപേക്ഷകള്‍ ജസ്റ്റിസ് ബി.ഗോപിനാഥിന്റെ ബെഞ്ച് പരിഗണിക്കുക.