Monday, April 29, 2024
keralaNews

തർക്കം തീർന്നു :പ്രളയത്തിൽ തകർന്ന എരുമേലി വലിയതോട്  ഇറിഗേഷൻ വകുപ്പ് കോൺക്രീറ്റ് ചെയ്യാൻ ധാരണ. 

എരുമേലി: 2019ലുണ്ടായ പ്രളയത്തിൽ തകർന്ന എരുമേലിയിലെ വലിയതോട് മേജർ ഇറിലേഷൻ വകുപ്പ് കോൺക്രീറ്റ് ചെയ്യാൻ ധാരണയായി.കെഎസ്ആർടിസി ജംഗ്ഷന്  സമീപം ദേവസ്വം ബോർഡ് പാർക്കിംഗ് മൈതാനത്തിന്റെയും വലിയതോടിന്റെയും സംരക്ഷണഭിത്തിയായി  നിന്ന  കരിങ്കൽ കെട്ടാണ് 2019ൽ തകർന്നത്. തകർന്നതടക്കം  90 മീറ്ററോളം നീളമുള്ള കരിങ്കൽ കെട്ട് നിർമ്മിക്കാൻ ഇറിഗേഷൻ വകുപ്പിന്റെ മൈനർ വിഭാഗം എസ്റ്റിമേറ്റ് എടുത്തതിന്  തൊട്ടുപിന്നാലെയാണ്  തകർന്ന ഭാഗം മാത്രം കെട്ടാൻ ഇറിഗേഷൻ വകുപ്പിന്റെ മേജർ വിഭാഗം രംഗത്തെത്തുന്നത്. എന്നാൽ കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ രണ്ടാമതും തകർന്ന  വലിയതോടിന്റെ ഭാഗവും കൂട്ടി മുഴുവനും നിർമ്മിക്കണമെന്ന് ദേവസ്വം ബോർഡ് ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ വലിയതോട്ടിൽ ആദ്യം തകർന്ന കെട്ട്  നിർമ്മിക്കുന്നതിനാണ് എസ്റ്റിമേറ്റ് നൽകിയതെന്നും  അപ്രകാരമുള്ള കെട്ട് നിർമ്മിക്കാനാകൂയെന്നും  മേജർ വകുപ്പ് വ്യക്തമാക്കിയതോടെയാണ് തർക്കത്തിന് തുടക്കം.എന്നാൽ വലിയതോതിൽ തകർന്നു കിടക്കുന്ന കെട്ടിന്റെ കരിങ്കല്ലുകൾ എടുക്കുകയാണെങ്കിൽ അതിന്റെ  രസീത് നൽകണമെന്ന്  ആവശ്യപ്പെട്ടതോടെയാണ് തർക്കമാകുന്നത്. രസീത് നൽകാൻ  മേജർ വകുപ്പ് വിസമ്മതിച്ചതാണ്  തർക്കത്തിന്  കാരണമെന്നും
രസീത്  നൽകാതെ കരിങ്കല്ല്  ഉപയോഗിച്ച് കെട്ട് നിർമ്മിക്കാനുള്ള നീക്കമാണ് നടന്നതെന്നും നാട്ടുകാർ പറഞ്ഞു . അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ
എംഎൽഎയുടെ സാന്നിധ്യത്തിൽ  കഴിഞ്ഞദിവസം സ്ഥലത്തെത്തി  കെട്ട്  നിർമ്മിക്കാൻ ചർച്ചകൾ നടന്നുവെങ്കിലും രസീത്  നൽകാതെ
പഴയ കരിങ്കല്ലുകൾ എടുക്കുന്നതിനെ ദേവസ്വം ബോർഡ് വിസമ്മതിക്കുകയായിരുന്നു. ഇതേതുടർന്ന്  ഇറിഗേഷൻ വകുപ്പ് മേജർ വിഭാഗം എ.ഇ  ജെറി,എരുമേലി ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സി പി സതീഷ് കുമാർ, ദേവസ്വം ബോർഡ് എക്സിക്യൂട്ടീവ് എൻജിനീയർ വിജയമോഹൻ, അയ്യപ്പ സേവാ സംഘം എരുമേലി ശാഖ പ്രസിഡന്റ്  അനിയൻ എരുമേലി, എരുമേലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  അനുശ്രീ സാബു എന്നിവരുടെ
നേതൃത്വത്തിൽ വീണ്ടും നടന്ന ചർച്ചയിൽ കരിങ്കൽ കെട്ട് ഒഴിവാക്കി മുഴുവനും കോൺക്രീറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.തകർന്ന 46 മീറ്ററിൽ 11 മീറ്റർ കോൺക്രീറ്റും,35 മീറ്റർ കരിങ്കൽ കെട്ടിനുമായി 8.90 ലക്ഷം രൂപയാണ് കരാർ നൽകിയത്.എന്നാൽ കരിങ്കല്ല് എടുക്കുന്നതിന്  രസീത് നൽകാതെ വന്നതിനെ തുടർന്നുണ്ടായ തർക്കത്തെ തുടർന്ന് ഇതേ അളവിൽ  കോൺക്രീറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.