Monday, April 29, 2024
keralaNews

തൃശ്ശൂര്‍ പൂരത്തിന് മൂന്ന് ആനകള്‍ മാത്രമെ അനുവദിക്കൂ എന്ന ജില്ലാ ഭരണകൂടത്തിന്റെ തീരുമാനത്തിലിടഞ്ഞ് പാറമേക്കാവ് ദേവസ്വം.

തൃശ്ശൂര്‍ പൂരത്തിന് മൂന്ന് ആനകള്‍ മാത്രമെ അനുവദിക്കൂ എന്ന ജില്ലാ ഭരണകൂടത്തിന്റെ തീരുമാനത്തിലിടഞ്ഞ് പാറമേക്കാവ് ദേവസ്വം. ആന കൂടിയാല്‍ കൊവിഡ് കൂടുമെന്ന വാദത്തിന് എന്ത് പ്രസക്തി എന്നാണ് ദേവസ്വത്തിന്റെ ചോദ്യം. പൂരം എക്‌സബിഷന്‍ നടത്താന്‍ അനുവദിച്ചില്ലെങ്കില്‍ പൂരം നടത്തിപ്പ് അവതാളത്തിലാകുമെന്നും ആശങ്കയുണ്ട്. അതേസമയം തുടര്‍ചര്‍ച്ചകള്‍ നടത്തുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്.ഏപ്രില്‍ 23 നാണ് തൃശ്ശൂര്‍ പൂരം. പൂരത്തിന്റെ ഒരുക്കങ്ങള്‍ രണ്ടുമാസം മുമ്പേ തുടങ്ങണം. എന്നാല്‍ കുടമാറ്റം ഉള്‍പ്പെടെ ഏതൊക്കെ ചടങ്ങുകള്‍ വേണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ചടങ്ങുകള്‍ക്ക് മൂന്നു ആനകളെ എഴുന്നെള്ളിക്കാമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്. എന്നാല്‍ കുടമാറ്റത്തിന് ഇരുവശത്തും അണിനിരക്കാന്‍ 15 ആനകള്‍ വീതം വേണമെന്നാണ് ദേവസ്വം അധികൃതരുടെ നിലപാട്. രാഷ്ട്രീയപാര്‍ട്ടികളുടെ യോഗങ്ങള്‍ക്കില്ലാത്ത എന്ത് കൊവിഡ് പ്രോട്ടോക്കോളാണ് തൃശ്ശൂര്‍ പൂരത്തിനെന്നാണ് ചോദ്യം. ആളുകളെ വേണമെങ്കില്‍ നിയന്ത്രിച്ചോളൂ. പൂരം പതിവുപോലെ നടക്കണമെന്നാണ് നിലപാട്. ഏതാണ്ട് 5 കോടി രൂപയാണ് പൂരം നടത്തിപ്പിന് ചെലവ് കണക്കാക്കുന്നത്. പൂരത്തിനോടനുബന്ധിച്ച് നടത്തുന്ന എക്‌സബിഷനിലൂടെയാണ് ഈ പണം കണ്ടെത്താറുളളത്. ഇത്തവണ പൂരം എക്‌സബിഷന് അനുമതി നല്‍കിയിട്ടില്ല. പൂരം നടത്തിപ്പിനെ തകര്‍ക്കാനുളള ശ്രമമാണിതെന്നാണ് ദേവസ്വത്തിന്റെ ആരോപണം.