Monday, May 6, 2024
keralaNews

തൃശ്ശൂരില്‍ മിന്നല്‍ ചുഴലിയില്‍ വ്യാപക നാശനഷ്ടം.

തൃശ്ശൂര്‍ ചാലക്കുടിയില്‍ ഉണ്ടായ മിന്നല്‍ ചുഴലിയില്‍ വ്യാപക നാശനഷ്ടം. കൂടപ്പുഴ മേഖലയിലാണ് ചുഴലിക്കാറ്റ് വീശിയത്. രാവിലെ 11 മണിയോടെയാണ് മിന്നല്‍ ചുഴലി ഉണ്ടായത്. ശക്തമായ കാറ്റില്‍ നിരവധി വാഹനങ്ങള്‍ക്കും ഇലക്ട്രിക് ലൈനുകള്‍ക്കും മുകളിലേക്ക് മരങ്ങള്‍ കടപുഴകി വീണു. ടെസ്ല ലാബിന് മുന്‍പിലെ മാവ് കടപുഴകി വീണ് റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറും ഓട്ടോറിക്ഷയും ഭാഗികമായി തകര്‍ന്നു. ട്രാം വേ റോഡില്‍ മരം വീണ് ലോറിയുടെ ചില്ല് തകര്‍ന്നു. ചാലക്കുടി നഗരസഭ പരിധിയിലെ വിവിധ പ്രദേശങ്ങളിലും വ്യാപക നാശ നഷ്ടമുണ്ടായിട്ടുണ്ട്.തൃശ്ശൂര്‍ ജില്ലയിലെ ആമ്പല്ലൂര്‍, കല്ലൂര്‍ മേഖലയില്‍ നേരിയ പ്രകമ്പനമുണ്ടായി. രാവിലെ 8.16 നാണ് പ്രകമ്പനം അനുഭവപ്പെട്ടത്. 2 സെക്കന്‍ഡ് താഴെ സമയം നീണ്ടതായി നാട്ടുകാര്‍ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റെ ഉള്‍പ്പടെയുള്ളവര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണ തേജ സ്ഥലം സന്ദര്‍ശിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കളക്ടര്‍ പറഞ്ഞു. കല്ലൂര്‍ ആമ്പല്ലൂര്‍ മേഖലയില്‍ ഭൂമിക്കടിയില്‍ ഉണ്ടായ മുഴക്കം തീവ്രത കുറഞ്ഞ ഒരു പ്രതിഭാസം മാത്രമാണ്. ഇതേക്കുറിച്ച് പഠനം നടത്തുമെന്നും കളക്ടര്‍ പറഞ്ഞു.