Wednesday, May 15, 2024
indiaNews

മണിപ്പൂര്‍: സുപ്രീംകോടതി പ്രത്യേക സമിതിയെ നിയോഗിച്ചു

ദില്ലി: മണിപ്പൂര്‍ കലാപത്തിലെ അന്വേഷണത്തിന് സുപ്രീംകോടതി മൂന്നംഗ സമിതിയെ നിയോഗിച്ചു. സിബിഐ അന്വേഷിക്കുന്ന കൂട്ടബലാത്സക്കേസുകളുടെ മേല്‍നോട്ടത്തിന് മുന്‍ മഹാരാഷ്ട്ര ഡിജിപി ദത്താത്രേയ പട്‌സാല്‍ക്കറിനെയും കോടതി നിയമിച്ചു. നിയമവാഴ്ചയിലുള്ള വിശ്വാസം വീണ്ടെടുക്കാനുള്ള ശ്രമമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.                                                       മണിപ്പൂര്‍ കലാപത്തിലും അന്വേഷണത്തിലും അതിനിര്‍ണ്ണായക ഇടപെടല്‍ നടത്തിയിരിക്കുകയാണ് സുപ്രീംകോടതി. സ്വമേധയ എടുത്ത കേസ് ഉള്‍പ്പെടെ വിവിധ ഹര്‍ജികള്‍ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്റെ ഇടപെടല്‍. മുന്‍ ഹൈക്കോടതി വനിത ജഡ്ജിമാര്‍ അടങ്ങുന്ന ഉന്നതതല സമിതിയെയാണ് കലാപത്തെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ചത്. മുന്‍ ജഡ്ജിമാരായ ഗീത മിത്തല്‍, ശാലിനി പി ജോഷി, മലയാളിയായ ആശ മേനോന്‍ എന്നിവരടങ്ങുന്നതാണ് സമിതി. അന്വേഷങ്ങള്‍ക്ക് പുറമെ പുനരധിവാസം, ദുരിതാശ്വാസ പ്രവര്‍ത്തനം, നഷ്ടപരിഹാരം തുടങ്ങിയ കാര്യങ്ങളും സമിതിയുടെ പരിധിയില്‍ വരും. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമിതി കോടതിക്ക് സമര്‍പ്പിക്കും. സിബിഐ അന്വേഷണം തടയുന്നില്ലെന്ന വ്യക്തമാക്കിയ കോടതി നിലവിലുള്ള സംഘത്തിനൊപ്പം കോടതി നിയോഗിച്ച അഞ്ച് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി. വിവിധ സംസ്ഥാന പൊലീസുകളില്‍ നിന്നായി ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരാകും ഇവര്‍. അന്വേഷണത്തിന്‍െ മേല്‍നോട്ട ചുമതല മുന്‍ മഹാരാഷ്ട്ര ഡിജിപി ദത്താത്രയ് പദ്‌സാല്‍ഗിക്കറിനാണ്. ഇദ്ദേഹം സുപ്രീംകോടതിക്ക് അന്വേഷണം സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സിബിഐ അന്വേഷിക്കാത്ത 42 കേസുകള്‍ക്കായി പ്രത്യേക സംഘത്തെയും നിയോഗിക്കും. ഇതില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരെയും ആഭ്യന്തരമന്ത്രാലയം നിയമിക്കണം. മണിപ്പൂരിന് പുറത്തുള്ള ആറ് ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഈ സംഘങ്ങളുടെ മേല്‍നോട്ട ചുമതല. സംഘര്‍ഷം നിയന്ത്രിക്കാന്‍ പക്വമായ ഇടപെടലാണ് നടത്തിയതെന്ന് വാദിച്ച കേന്ദ്രം സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് വരുത്തിതീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായുള്ള ആരോപണവും കോടതിയില്‍ ഉയര്‍ത്തി.