Friday, April 26, 2024
Newspoliticsworld

തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രി പാര്‍ഥ ചാറ്റര്‍ജിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.

ബംഗാള്‍ തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രി പാര്‍ഥ ചാറ്റര്‍ജിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. തുടര്‍ച്ചയായി 23 മണിക്കൂറിലേറെ മന്ത്രിയുടെ വസതിയില്‍ ചോദ്യം ചെയ്തതിനു പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലിലാണ് മന്ത്രിയുടെ അനുയായി അര്‍പ്പിത മുഖര്‍ജിയുടെ താമസസ്ഥലത്ത് ഇഡി 20 കോടിയോളം രൂപ കണ്ടെടുത്തതിനു പിന്നാലെയാണ് പാര്‍ഥ ചാറ്റര്‍ജിയെ അറസ്റ്റ് ചെയ്തത്. പശ്ചിമ ബംഗാള്‍ സ്‌കൂള്‍ സര്‍വീസ് കമ്മീഷനിലെയും പശ്ചിമ ബംഗാള്‍ പ്രൈമറി എജുക്കേഷന്‍ ബോര്‍ഡിലെയും റിക്രൂട്ട്മെന്റ് അഴിമതിയുമായി ബന്ധപ്പെട്ട പണമാകാം റെയ്ഡില്‍ കണ്ടെടുത്തതെന്നാണു കരുതുന്നതെന്ന് ഇഡി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ബംഗാളിലെ മുന്‍ വിദ്യാഭ്യാസമന്ത്രിയായിരുന്നു പാര്‍ത്ഥ ചാറ്റര്‍ജി. അതുകൊണ്ടുതന്നെ ഇദ്ദേഹത്തിന് അഴിമതിയില്‍ പങ്കുണ്ടെന്നാണ് ഇ ഡി സംശയിക്കുന്നത്. ബംഗാള്‍ രാഷ്ട്രീയത്തില്‍ വലിയ വിവാദത്തിന് തിരി കൊളുത്തിരിക്കുകയാണ് സംഭവം. അര്‍പ്പിതയുടെ വീട്ടില്‍ നിന്ന് 2000, 500 നോട്ടുകളായിട്ടാണ് പണം കണ്ടെടുത്തത്. നോട്ടെണ്ണല്‍ യന്ത്രത്തിന്റെ സഹായത്തോടെയാണ് എണ്ണി പൂര്‍ത്തിയാക്കിയത്.ഇപ്പോള്‍ വ്യവസായവകുപ്പിന്റെ ചുമതലയുള്ള മന്ത്രിയാണ് പാര്‍ഥ ചാറ്റര്‍ജി. അദ്ദേഹത്തിന്റെയും വിദ്യാഭ്യാസസഹമന്ത്രി പരേഷ് അധികാരിയുടെയും വീടുകളടക്കം 13 സ്ഥലങ്ങളിലാണ് വെള്ളിയാഴ്ച ഇഡി മിന്നല്‍ പരിശോധന നടത്തിയത്. അധ്യാപകനിയമന അഴിമതിക്കേസില്‍ പണം കൈമാറിയത് അന്വേഷിക്കാനായിരുന്നു പരിശോധന.