Friday, May 3, 2024
keralaNews

തൃക്കാക്കര മണ്ഡലം നിലനിര്‍ത്താന്‍ ഉമയ്ക്ക് കെട്ടിവയ്ക്കാനുള്ള പണം നല്‍കി എം.ലീലാവതി.

തൃക്കാക്കര മണ്ഡലം നിലനിര്‍ത്താന്‍ തിരഞ്ഞെടുപ്പ് മത്സരത്തിനിറങ്ങിയ പി.ടി തോമസിന്റെ പത്‌നി ഉമയ്ക്ക് കെട്ടിവയ്ക്കാനുള്ള പണം നല്‍കി എം.ലീലാവതി. മകന്‍ വിഷ്ണുവിനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുമൊപ്പമാണ് ഉമ തോമസ് ഗുരുനാഥ കൂടിയായ ഡോ എം ലീലാവതിയുടെ വീട്ടിലെത്തി അനുഗ്രഹം തേടിയത്.പി.ടി തുടങ്ങിവച്ച ആ പതിവ് ഉമ തോമസും മുടക്കിയില്ല. പ്രചാരണ തിരക്കെല്ലാം മാറ്റിവച്ച് അതിരാവിലെ ഓടിയെത്തിയത് പ്രിയഗുരുനാഥയുടെ അരികിലേക്ക്. തിരഞ്ഞെടുപ്പ് മത്സരരംഗത്തേക്ക് ഇറങ്ങുന്ന ശിഷ്യക്ക് കെട്ടിവയ്ക്കാനുള്ള പണവും കയ്യില്‍ കരുതിയായിരുന്നു ഗുരുനാഥയുടെ കാത്തിരിപ്പും. പി.ടി തോമസിനും തിരഞ്ഞെടുപ്പുകളില്‍ കെട്ടിവയ്ക്കാനുള്ള പണം നല്‍കാറുള്ളതും ലീലാവതി ടീച്ചര്‍ തന്നെയായിരുന്നു.ജയിച്ചുവരട്ടെയെന്ന് അനുഗ്രഹിച്ച് കൂടിയാണ് ഉമ തോമസിനെ ഗുരുനാഥ യാത്രയാക്കിയതും. തൃക്കാക്കര മണ്ഡലത്തിലെ വോട്ടറായ നടന്‍ മമ്മൂട്ടിയേയും എളംകുളത്തെ വീട്ടില്‍ സന്ദര്‍ശിച്ച് വോട്ടഭ്യര്‍ഥിച്ചു. ഹൈബി ഈഡന്‍ എം.പി, നടന്‍ രമേശ് പിഷാരടി എന്നിവര്‍ക്കൊപ്പമാണ് മമ്മൂട്ടിയെ സന്ദര്‍ശിച്ചത് തിങ്കളാഴ്ച തന്നെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള തയാറെടുപ്പില്‍ കൂടിയാണ് ഉമ തോമസ്