Monday, May 6, 2024
Local NewsNews

തീക്കോയി മാര്‍മല അരുവിയില്‍ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും

തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിലെ ടൂറിസ്റ്റ് കേന്ദ്രമായ മാര്‍മല അരുവിയില്‍ വിനോദസഞ്ചാരവകുപ്പിന്റെയും ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തിന്റെയും സഹകരണത്തോടെ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് തീരുമാനിച്ചു.   ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് 79.5 ലക്ഷം രൂപയുടെയും ജില്ല പഞ്ചായത്ത് 10 ലക്ഷം രൂപയുടെയും സുരക്ഷാക്രമീകരണങ്ങള്‍ നടപ്പിലാക്കും. ഗ്രാമപഞ്ചായത്തും ശുചിത്വ മിഷനും ചേര്‍ന്ന് ടേക്ക് എ ബ്രേക്ക് നിര്‍മ്മിക്കും.മാര്‍മലയില്‍ എത്തുന്ന ടൂറിസ്റ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി 2 ഹരിത ചെക്ക് പോസ്റ്റുകള്‍ സ്ഥാപിക്കും. അരുവി സന്ദര്‍ശനത്തിന് പ്രവേശന പാസ് ഏര്‍പ്പെടുത്തും. സന്ദര്‍ശകരുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും വാഹനങ്ങളുടെ പാര്‍ക്കിംഗ് സൗകര്യം മെച്ചപ്പെടുത്തി ഫീസ് ഏര്‍പ്പെടുത്തുന്നതിനും തീരുമാനിച്ചു.കൂടുതല്‍ മുന്നറിയിപ്പ് ബോര്‍ഡുകളും മാലിന്യനിര്‍മാര്‍ജന സൗകര്യങ്ങളും ഒരുക്കുന്നതാണ്. സന്ദര്‍ശന സമയം രാവിലെ 7 മുതല്‍ വൈകിട്ട് 5 മണി വരെയായി നിജപ്പെടുത്തും.    സന്ദര്‍ശകരെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നതിനുമായി സെക്യൂരിറ്റിമാരെ നിയമിക്കുകയും അരുവിയില്‍ സന്ദര്‍ശകര്‍ക്ക് വെള്ളച്ചാട്ടം കാണുന്നതിനും ആസ്വദിക്കുന്നതിനും ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കുന്നതുമാണ്. മൂന്ന് മാസത്തിനുള്ളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനാണ് തീരുമാനമെടുത്തിട്ടുള്ളത്. മാര്‍മല അരുവി സുരക്ഷാക്രമീകരണങ്ങള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജയിംസിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. ഷോണ്‍ ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഓമന ഗോപാലന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മാജി തോമസ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ മോഹനന്‍ കുട്ടപ്പന്‍, ജയറാണി തോമസുകുട്ടി മെമ്പര്‍മാരായ സിറില്‍ റോയ്, സിബി രഘുനാഥന്‍, മാളു ബി മുരുകന്‍, അമ്മിണി തോമസ്, രതീഷ് പി എസ്, ഈരാറ്റുപേട്ട പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ വിഷ്ണു വി വി, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ സഞ്ജു വി, ആനന്ദ് എം രാജു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആര്‍ സുമ ഭായി അമ്മ, അക്കൗണ്ടന്റ് തോമസ് മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.