Saturday, May 18, 2024
keralaNews

ആരിഫ് മുഹമ്മദ് ഖാന്റെ ഉപദേശം തനിക്കു വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.

കൊച്ചി :ഗവര്‍ണര്‍ ആകുന്നതിനു മുന്‍പു കാര്യസാധ്യത്തിനു ഭിക്ഷാംദേഹിയെ പോലെ 5 രാഷ്ട്രീയ പാര്‍ട്ടികള്‍ മാറി നടന്ന ആരിഫ് മുഹമ്മദ് ഖാന്റെ ഉപദേശം തനിക്കു വേണ്ടെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പ്രവര്‍ത്തിച്ച ഒരു പാര്‍ട്ടിയോടും ആത്മാര്‍ഥത കാണിക്കാത്തയാളാണ് അദ്ദേഹം. താന്‍ കോണ്‍ഗ്രസുകാരനാണ്. മരിക്കുന്നതുവരെ കോണ്‍ഗ്രസുകാരായിരിക്കും. മഹാത്മാ ഗാന്ധി, ജവാഹര്‍ലാല്‍ നെഹ്‌റു തുടങ്ങി ഓരോ കാലത്തെ കോണ്‍ഗ്രസ് നേതാക്കളുടെ നല്ല വശങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്ന ആളാണ്. കോണ്‍സുകാരുടെ ഉപദേശങ്ങള്‍ കേള്‍ക്കും. ഒരു കാരണവശാലും ആരിഫ് മുഹമ്മദ് ഖാന്റെ ഉപദേശം കേള്‍ക്കില്ലെന്നും സതീശന്‍ പറഞ്ഞു.കുറച്ചുനാളായി ഗവര്‍ണര്‍ കേന്ദ്ര സര്‍ക്കാരിന്റെ, സംഘപരിവാറിന്റെ തിരുവനന്തപുരത്തെ വക്താവായാണ് സംസാരിക്കുന്നത്. ഇങ്ങനെ പോയാല്‍ ബിജെപി നേതാക്കള്‍ക്ക് പണിയുണ്ടാവില്ല. അവര്‍ക്കു വേണ്ടി സംസാരിക്കുന്നത് അദ്ദേഹമാണ്. സര്‍ക്കാരിനെ വിമര്‍ശിക്കുന്നു, പിറ്റേ ദിവസം ഒത്തുതീര്‍പ്പുണ്ടാക്കുന്നു. പ്രതിപക്ഷ നേതാവിനെ വിമര്‍ശിക്കുന്നു. ബിജെപി നേതാക്കള്‍ ചെയ്യേണ്ട ജോലിയാണ് ഗവര്‍ണര്‍ ചെയ്യുന്നത്. അദ്ദേഹത്തിന്റെ ഉപദേശം തനിക്ക് ആവശ്യമില്ല. എല്ലാ സ്ഥാനവും നഷ്ടപ്പെട്ടു വെറുതെ നടന്നാലും അഞ്ചു പാര്‍ട്ടികളിലൂടെ അലഞ്ഞു നടന്ന അദ്ദേഹത്തിന്റെ ഉപദേശം വേണ്ട’ സതീശന്‍ പറഞ്ഞു.’സര്‍ക്കാരും ഗവര്‍ണറും ചേര്‍ന്നു ഭരണഘടനാ വിരുദ്ധമായ, നിയമവിരുദ്ധമായ കാര്യങ്ങളാണു സംസ്ഥാനത്തു നടത്തുന്നത്. ആദ്യം യൂണിവേഴ്‌സിറ്റി വിഷയത്തില്‍ സര്‍ക്കാരുമായി സംഘര്‍ഷമുണ്ടായി. അതിന്റെ ഫലം കണ്ണൂര്‍ സര്‍വകലാശാലാ നിയമത്തിന്റെ പത്താം വകുപ്പു ലംഘിച്ച് വൈസ് ചാന്‍സലര്‍ക്ക് പുനര്‍നിയമനം നല്‍കി. സെര്‍ച്ച് കമ്മറ്റി റദ്ദാക്കിയായിരുന്നു, നിയമസഭ പാസാക്കിയ നിയമം ലംഘിച്ച് നിയമനം നടത്തിയത്.ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സിനു ഗവര്‍ണര്‍ അംഗീകാരം കൊടുത്തു. ഇത് ഭരണഘടനാ വിരുദ്ധമാണ്. നയപ്രഖ്യാപന പ്രസംഗം നടത്തില്ല എന്നു പറഞ്ഞു സര്‍ക്കാരിനെ ഭീഷണിപ്പെടുത്തി ജിഐഡി സെക്രട്ടറിയുടെ തല തെറിപ്പിച്ചു.സര്‍ക്കാര്‍ ഗവര്‍ണറുടെ അനാവശ്യ സമ്മര്‍ദത്തിനു വഴങ്ങുകയായിരുന്നു.’സതീശന്‍ പറഞ്ഞു.