Monday, April 29, 2024
keralaNewsUncategorized

തിരുവനന്തപുരത്ത് എംഡിഎംഎയുമായി യുവാക്കള്‍ അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് മാരകലഹരി വസ്തുവായ എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍. റൂറല്‍ ജില്ലാ ലഹരി വിരുദ്ധ സേനയും കഠിനംകുളം പോലീസും ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. മടവൂര്‍, അയണിക്കാട്ടുകോണം പത്മവിലാസത്തില്‍ നിന്നും നാവായിക്കുളം വെട്ടിയറ താമസിക്കുന്ന നന്ദു എന്ന് വിളിക്കുന്ന അഖില്‍ ( 24) ,പാരിപ്പള്ളി , കിഴക്കനേല ഒരുമ ജംഗ്ഷനില്‍ പടത്തന്‍പാറ വിളവീട്ടില്‍ കണ്ണന്‍ എന്ന് വിളിക്കുന്ന ശരത്( 30) എന്നിവരാണ് പിടിയിലായത്.

ഇവരില്‍ നിന്നും എട്ട് ഗ്രാം എംഡിഎംഎ കണ്ടെടുത്തു. തിരുവനന്തപുരം റൂറല്‍ ജില്ലയില്‍ മയക്കുമരുന്ന് മാഫിയക്കെതിരെ തുടര്‍ന്ന് വരുന്ന ശക്തമായ നടപടികളുടെ ഭാഗമായുള്ള റെയ്ഡിലാണ് ഇരുവരും പിടിയിലായത്. ഇവര്‍ ലഹരി വസ്തുക്കളുടെ കച്ചവടത്തിനായി ഉപയോഗിച്ചിരുന്ന ഇരുചക്രവാഹനവും പിടിച്ചെടുത്തു. ലഹരി വ്യാപാരം നടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ആഴ്ചകളായി ഇവര്‍ അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തില്‍ ആയിരുന്നു. പെരുമാതുറ , കൊട്ടാരംതുരുത്ത് മേഖലകളിലാണ് ലഹരിവ്യാപാരം നടത്തിയിരുന്നത്.ബാംഗ്ലൂരില്‍ നിന്നാണ് മാരക സിന്തറ്റിക് ലഹരിവസ്തുവായ എംഡിഎം.എ കേരളത്തില്‍ എത്തിക്കുന്നത്.

വിദ്യാഭ്യാസത്തിനായി ബാംഗ്ലൂരില്‍ താമസമാക്കി ലഹരി കച്ചവടം നടത്തുന്ന സംഘങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ഇവരുടെ അറസ്റ്റോടെ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥിനികളെ വരെ ഇത്തരം സംഘങ്ങള്‍ ലഹരി വസ്തുക്കളുടെ കടത്തിനായി വിനിയോഗിച്ച് വരുന്നുണ്ട്. അത്തരക്കാര്‍ക്കെതിരെയും ശക്തമായ നിയമ നടപടികള്‍ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്.

ജില്ലാ പോലീസ് മേധാവി ദിവ്യ വി ഗോപിനാഥ് ഐപിഎസിന്റെ നിര്‍ദ്ദേശപ്രകാരം നര്‍കോട്ടിക്ക് സെല്‍ ഡിവൈഎസ്പി രാസിത്ത്‌ന്റെ നേതൃത്വല്‍ ഡാന്‍സഫ് ടീമിന്റെ ലഹരി സംഘങ്ങള്‍ക്കെതിരെയുള്ള ശക്തമായ നടപടികളുടെ ഭാഗമായാണ് ഇവരും പിടിയിലായത്.

കഠിനംകുളം പൊലീസ് ഇന്‍സ്‌പെക്ടര്‍ അന്‍സാരി, സബ്ബ് ഇന്‍സ്‌പെക്ടര്‍ വി സജു, മുകുന്ദന്‍ എഎസ്സ്‌ഐ ഷാ, ഡാന്‍സാഫ് സബ്ബ് ഇന്‍സ്‌പെക്ടര്‍ എം ഫിറോസ്ഖാന്‍, എഎസ്‌ഐ ബി ദിലീപ്, സിപിഒമാരായ അനൂപ്, ഷിജു, സുനില്‍രാജ് , വിനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.