Saturday, May 4, 2024
EntertainmentkeralaNews

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എം എല്‍ എ സച്ചിന്‍ ദേവും ഇന്ന് വിവാഹിതരാകും.

തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എം എല്‍ എ സച്ചിന്‍ ദേവും ഇന്ന് വിവാഹിതരാകും. രാവിലെ 11 മണിക്ക് തിരുവനന്തപുരം എ കെ ജി ഹാളാണ് വിവാഹത്തിന് വേദിയാകുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ളവര്‍ വിവാഹത്തില്‍ പങ്കുചേരാനായി എത്തും. പരമാവധിപേരെ നേരില്‍ ക്ഷണിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ആരെയെങ്കിലും വിട്ട് പോയിട്ടുണ്ടെങ്കില്‍ ക്ഷണമായി പരിഗണിച്ച് വിവാഹത്തില്‍ സകുടുംബം പങ്കുചേരണമെന്നും ആര്യ ഫേസ്ബുക്കിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നു.

വിവാഹത്തിന് യാതൊരു വിധത്തിലുള്ള ഉപഹാരങ്ങളും സ്വീകരിക്കുന്നില്ലെന്നും അത്തരത്തില്‍ സ്‌നേഹോപഹാരങ്ങള്‍ നല്‍കണമെന്ന് ആഗ്രഹിക്കുന്നവര്‍ നഗരസഭയുടെ വൃദ്ധ സദനങ്ങളിലോ അഗതിമന്ദിരത്തിലോ അല്ലെങ്കില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ നല്‍കണമെന്നാണ് ആഗ്രഹമെന്നും മേയര്‍ വ്യക്തമാക്കി. നേരത്തെ മേയര്‍ – എം എല്‍ എ വിവാഹത്തിന്റെ ക്ഷണക്കത്ത് സി പി എം പുറത്തിറക്കിയിരുന്നു.

തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ പേരിലാണ് കത്ത് പുറത്തിറക്കിയത്. അടിമുടി പാര്‍ട്ടി സ്‌റ്റൈലിലായിരുന്നു വിവാഹ ക്ഷണക്കത്ത്. ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ലളിതമായ ചടങ്ങിലായിരിക്കും വിവാഹം നടക്കുകയെന്ന് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ പേരില്‍ പുറത്തിറക്കിയ കത്തില്‍ വ്യക്തമാക്കിയിരുന്നു. ലളിതമായി തയ്യാറാക്കിയ കത്തില്‍ രക്ഷകര്‍ത്താക്കളുടെയും വീടിന്റെയും വിവരത്തിന് പകരം സച്ചിന്റെയും ആര്യയുടെയും പാര്‍ട്ടിയിലെ ഭാരവാഹിത്വം പറഞ്ഞാണ് പരിചയപ്പെടുത്തിയത്.