Tuesday, May 14, 2024
keralaNews

സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നില്‍ ഭീഷണി?

ജൂലൈ മുതല്‍ എന്‍ഐഎ അടക്കമുള്ള ഏജന്‍സികള്‍ പലതവണ ചോദ്യം ചെയ്തിട്ടും പറയാതിരുന്ന ഉന്നത ബന്ധങ്ങള്‍, കഴിഞ്ഞ ഡിസംബറില്‍ സ്വപ്ന വെളിപ്പെടുത്തിയതിന്റെ പിന്നില്‍ എന്താണ് ? കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചോദിച്ചപ്പോള്‍, സ്വപ്ന നല്‍കിയ മറുപടി ഇങ്ങനെ: ‘കോടതിയില്‍ ഒരു ദിവസം എം. ശിവശങ്കറുമായി മുഖാമുഖം കണ്ടപ്പോള്‍, അദ്ദേഹം മുഖം തിരിക്കുകയും തീര്‍ത്തും അപരിചിതനെ പോലെ പെരുമാറുകയും ചെയ്തു. ഇതോടെ, ഒറ്റപ്പെട്ടതു പോലെ തോന്നി. മാത്രമല്ല, ശിവശങ്കര്‍ ജയിലലടയ്ക്കപ്പെട്ടതോടെ കാര്യങ്ങള്‍ പിടിവിട്ടു പോകുന്നുവെന്നു മനസ്സിലായി.’സ്വര്‍ണക്കടത്തു കേസില്‍ അന്വേഷണം ശിവശങ്കറിലേക്കോ മുകളിലേക്കോ എത്തുന്ന തരത്തില്‍ മൊഴി നല്‍കരുതെന്ന കര്‍ശന നിര്‍ദേശമാണു സ്വപ്നയ്ക്കു തുടക്കത്തില്‍ ലഭിച്ചതെന്നു വ്യക്തമായിരുന്നു. ജയിലില്‍ സന്ദര്‍ശിച്ച ചിലര്‍ ഭീഷണിപ്പെടുത്തിയെന്ന സ്വപ്നയുടെ പരാതിയില്‍ കഴമ്പുണ്ടെന്നും ഈ അരക്ഷിതാവസ്ഥ ഉന്നത ബന്ധങ്ങളെപ്പറ്റി രഹസ്യമൊഴി നല്‍കുന്നതിലേക്കു നയിച്ചിരിക്കാമെന്നും കസ്റ്റംസ് കരുതുന്നു.

തെളിവുകള്‍ നല്‍കേണ്ടത് സ്വപ്ന വെളിപ്പെടുത്തിയ ഭൂരിഭാഗം വസ്തുതകളും സ്വപ്നയുടെ മാത്രം അറിവിലുള്ളവയാണെന്നും തെളിവു നല്‍കാനാകുന്നതു സ്വപ്നയ്ക്കു മാത്രമാണെന്നും പത്രികയില്‍ കസ്റ്റംസ് അറിയിച്ചു. മജിസ്‌ട്രേട്ടിനു നല്‍കിയ മൊഴിയും കസ്റ്റംസ് നിയമപ്രകാരം രേഖപ്പെടുത്തിയ മൊഴിയും അന്തിമ വാദം കേള്‍ക്കുമ്പോഴും കോടതി നിര്‍ദേശിക്കുമ്പോഴും രഹസ്യരേഖയായി ഹാജരാക്കാന്‍ തയാറാണെന്നും അറിയിച്ചു.