Tuesday, May 14, 2024
keralaNews

ഫോറസ്റ്റ് ഓഫീസര്‍ ചമഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ്; യുവാവ് പിടിയില്‍

പാലക്കാട്: വ്യാജ ഫോറസ്റ്റ് ഓഫീസര്‍ ചമഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവാവ് പോലീസ് പിടിയില്‍. കോട്ടായി സ്വദേശി ബാലസുബ്രഹ്‌മണ്യനാണ് അറസ്റ്റിലായത്. യൂണിഫോമും തിരിച്ചറിയല്‍ കാര്‍ഡും തട്ടിപ്പ് നടത്തുന്നതിനായി ഇയാള്‍ വ്യാജമായി നിര്‍മ്മിച്ചു. കഴിഞ്ഞ 5 വര്‍ഷമായി തട്ടിപ്പ് നടത്തുന്ന ഇയാള്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തു. പാലക്കാട് സൗത്ത് പൊലീസാണ് ബാലസുബ്രഹ്‌മണ്യനെ അറസ്റ്റ് ചെയ്തത്. നാട്ടുകാരെ മാത്രമല്ല ബാങ്കുകളിലും ഇയാള്‍ ഫോറസ്റ്റ് ഓഫീസര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തി. പാലക്കാട് ഫോറസ്റ്റ് ഓഫീസ് പരിധിയിലെ മിക്ക വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ബാലസുബ്രഹ്‌മണ്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എന്ന ലേബല്‍ ഉപയോഗിച്ച് പലരില്‍ നിന്ന് പണം കടം വാങ്ങി മുങ്ങി നടക്കുകയായിരുന്നു ഇയാള്‍. കടം മേടിച്ച പണം ആര്‍ക്കും തിരിച്ചു കൊടുക്കുന്ന പതിവ് സുബ്രഹ്‌മണ്യനില്ല. രണ്ട് ബാങ്കുകളില്‍ നിന്ന് ലക്ഷകണക്കിന് രൂപയാണ് സുബ്രഹ്‌മണ്യന്‍ തട്ടിപ്പിലൂടെ വായ്പ വാങ്ങിയത്. ഇതിനായി വ്യാജ ശമ്പള സര്‍ട്ടിഫിക്കറ്റും ഹാജരാക്കി. കേരള ഫോറസ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്റെ ഇടപെടലിലൂടെയാണ് തട്ടിപ്പ് പുറത്തായത്. ഇയാളുടെ തട്ടിപ്പ് പുറത്ത് വരാന്‍ തുടങ്ങിയതോടെയാണ് വഞ്ചിക്കപ്പെട്ടതായി നാട്ടുകാരും അടുപ്പക്കാരും വരെ തിരച്ചറിഞ്ഞത്.