Thursday, April 25, 2024
EntertainmentkeralaNewsObituary

എത്രയെത്ര ചിത്രങ്ങളിലാണ് ഒന്നിച്ചഭിനയിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായത്: മോഹന്‍ലാല്‍

ചിരിയുടെ സുല്‍ത്താനെന്നും ഹാസ്യസാമ്രാട്ടെന്നും വിശേഷിപ്പിക്കുന്ന മലയാളക്കരയുടെ സ്വന്തം മാമുക്കോയയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കുകയാണ് സഹതാരങ്ങള്‍. മാമുക്കോയ എന്ന അതുല്യ നടനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞ മഹാഭാഗ്യത്തെക്കുറിച്ചാണ് ഈയവസരത്തില്‍ നടന്‍ മോഹന്‍ലാല്‍ പങ്കുവയ്ക്കുന്നത്. നാട്യങ്ങളില്ലാത്ത, നന്മയുടെ നിറകുടമായിരുന്നു പ്രിയപ്പെട്ട മാമുക്കോയ മോഹന്‍ലാല്‍. മലബാര്‍ ശൈലിയെ തനിമ ചോരാതെ തികച്ചും സ്വാഭാവികമായി ഈ അതുല്യപ്രതിഭ വെള്ളിത്തിരയില്‍ അവതരിപ്പിച്ചു. ദൂരെ ദൂരെ ഒരു കൂടുകൂട്ടാം എന്ന സിനിമ മുതല്‍ അടുത്തിടെ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഓളവും തീരവും വരെ എത്രയെത്ര ചിത്രങ്ങളിലാണ് ഒന്നിച്ചഭിനയിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായത്. ആ നിഷ്‌കളങ്കമായ ചിരി ഒരിക്കലും മായാതെ എന്നെന്നും മനസില്‍ നിറഞ്ഞുനില്‍ക്കും. മലയാള സിനിമയ്ക്ക് തീരാനഷ്ടമായി മാറിയ അദ്ദേഹത്തിന്റെ വേര്‍പാടില്‍ ആദരാഞ്ജലികള്‍…’ മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു..

മാമുക്കോയയുടെ വേര്‍പാടില്‍ ദുഃഖം രേഖപ്പെടുത്തി നടന്‍ മമ്മൂട്ടി. പ്രിയപ്പെട്ട മാമുക്കോയക്ക് ആദരാഞ്ജലികള്‍എന്ന് മമ്മൂട്ടി സമൂഹമാദ്ധ്യമത്തില്‍ കുറിച്ചു. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹാസ്യനടന്‍മാരില്‍ ഒരാളായ മാമുക്കോയയുടെ വിയോഗം ചലച്ചിത്രലോകത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. നടന്മാരായ സുരേഷ് ഗോപി, ദിലീപ്, ജഗതി ശ്രീകുമാര്‍, ഉണ്ണി മുകുന്ദന്‍, യുവ സംവിധായകരായ വിഷ്ണു മോഹന്‍, അഭിലാഷ് പിള്ള തുടങ്ങി മറ്റ് പ്രമുഖ താരങ്ങളും മാമുക്കോയയുടെ വിയോഗത്തില്‍ ആദരാഞ്ജലികള്‍ അറിയിച്ചു.                                                                                                                  ‘മാമുക്കോയ സാര്‍ സമാധാനത്തില്‍ വിശ്രമിക്കൂ! നിങ്ങളുമായി ഒന്നിലധികം തവണ സ്‌ക്രീന്‍ സ്പെയ്സ് പങ്കിടാനുള്ള അവസരം എനിക്ക് ലഭിച്ചു. കുരുതി എന്ന ചിത്രത്തിലെ മൂസയെ എക്കാലവും നെഞ്ചേറ്റുന്ന ഒരു ഓര്‍മ്മയായിരിക്കും. ഇതിഹാസം’, എന്ന് പൃഥ്വിരാജും കുറിച്ചു.

‘നന്ദി. ഞങ്ങള്‍ക്ക് സമ്മാനിച്ച ചിരികള്‍ക്ക്. കുഞ്ഞിരാമായണത്തിലും ഗോദയിലും മിന്നല്‍ മുരളിയിലും ഇക്കയോടൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചു എന്നത് വലിയ ഭാഗ്യമായി കരുതുന്നു. ആദരാഞ്ജലികള്‍’, എന്ന് ബേസില്‍ ജോസഫ് കുറിച്ചു.

‘മറ്റൊരു ഇതിഹാസം കൂടി നല്ല ഓര്‍മ്മകള്‍ ബാക്കിവെച്ച് വിടപറയുന്നു..’, എന്നാണ് കുഞ്ചാക്കോ ബോബന്‍ കുറിച്ചത്.
‘പ്രിയപ്പെട്ട മാമുക്കോയക്ക് ആദരാഞ്ജലികള്‍..മറക്കില്ല മലയാളികള്‍…ഒരിക്കലും’, എന്നാണ് സുരേഷ് ഗോപി കുറിച്ചത്.
‘ഇങ്ങളും പോയോ ഇക്കാ..’, എന്നാണ് ഹരീഷ് പേരടി കുറിച്ചത്.

‘ഒരു സുവര്‍ണ്ണ കാലഘട്ടത്തിലെ അഭിനേതാക്കള്‍ ഒന്നൊന്നായി സ്വര്‍ഗത്തിലേക്ക് പോകുന്നത് സിനിമാ ലോകത്ത് പകരം വെക്കാനില്ലാത്ത ശൂന്യത അവശേഷിപ്പിച്ചുകൊണ്ട് എന്ന് വിശ്വസിക്കാനാവുന്നില്ല. കമലദളത്തിന് ശേഷം ഗസല്‍, പെരുമഴക്കാലം, ഏഴാമത്തേവരവ് തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അദ്ദേഹത്തോടൊപ്പം അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ Ksfdc, നിള നിര്‍മ്മിച്ച സിനിമയില്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്ക് ഹൃദയംഗമമായ അനുശോചനവും അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു’, എന്നാണ് വിനീത് കുറിച്ചത്.
”തനത് എന്ന വാക്കിന്റെ അഭ്രലോകത്തിലെ ഒരു പര്യായം”, എന്ന് മുരളി ഗോപി കുറിച്ചത്.