Wednesday, May 1, 2024
indiaNews

തമിഴ്‌നാട്ടിലെ ആരാധനാലയങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണവും ഒഴിവാക്കി.

ചെന്നൈ :കോവിഡ് കേസുകള്‍ കുറഞ്ഞു തുടങ്ങിയ സാഹചര്യത്തില്‍ തമിഴ്‌നാട്ടിലെ ആരാധനാലയങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണവും ഒഴിവാക്കി. നിലവില്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ക്ഷേത്രങ്ങളിലും പള്ളികളിലും പ്രവേശനം അനുവദിച്ചിരുന്നില്ല. ഇന്നു മുതല്‍ ഈ നിയന്ത്രണവും നീക്കി. ഫെബ്രുവരി 1 മുതല്‍ എല്ലാ ക്ലാസുകളും കോളജുകളും തുറക്കും. ഇന്നു മുതല്‍ രാത്രികാല കര്‍ഫ്യൂ ഇല്ല. ഞായറാഴ്ചകളില്‍ ഏര്‍പ്പെടുത്തിയിരുന്ന ലോക്ഡൗണും ഒഴിവാക്കി. എന്നാല്‍, പൊതുയോഗങ്ങള്‍ക്കും ആരാധനാലയങ്ങളിലെ ചടങ്ങുകള്‍ക്കുമുള്ള നിയന്ത്രണങ്ങള്‍ തുടരും. ഹോട്ടലുകളിലും തിയറ്ററുകളിലും ഒരു സമയം 50 ശതമാനം പേരെന്ന നിയന്ത്രണവും തുടരും. നിലവില്‍ ചെന്നൈ അടക്കമുള്ള ജില്ലകളിലെ കോവിഡ് കേസുകള്‍ കുറയുന്നുണ്ട്. 20% ആണ് ഇന്നലത്തെ ടിപിആര്‍.

10, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കുള്ള പൊതുപരീക്ഷ ഇത്തവണ ഒഴിവാക്കില്ലെന്നു സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത് മേയില്‍ നടത്താനാണു തീരുമാനം. ആദ്യ റിവിഷന്‍ ടെസ്റ്റ് ഈ മാസം മൂന്നാം വാരത്തിലും രണ്ടാമത്തേത് മാര്‍ച്ചിലും നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. കോവിഡ് വ്യാപിച്ച് സ്‌കൂളുകള്‍ അടച്ചതോടെ ഈ പരീക്ഷകള്‍ മാറ്റി വച്ചിരിക്കുകയാണ്. സ്‌കൂള്‍ തുറക്കലിനു മുന്നോടിയായി പ്രിന്‍സിപ്പല്‍മാര്‍, അധ്യാപകര്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി മന്ത്രി യോഗം ചേര്‍ന്നു.