Thursday, March 28, 2024
BusinessindiaNews

മാരുതി സുസുക്കി 1,80,754 കാറുകള്‍ തിരിച്ചുവിളിക്കുന്നു.

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി 1,80,754 കാറുകള്‍ തിരിച്ചുവിളിക്കുന്നു. സിയാസ്, എര്‍ട്ടിഗ, വിറ്റാര ബ്രെസ, എസ് ക്രോസ്, എക്‌സ്എല്‍ 6 എന്നീ മോഡലുകളുടെ പെട്രോള്‍ പതിപ്പാണ് തിരിച്ചുവിളിക്കുന്നതെന്നും മോട്ടോര്‍ ജനറേറ്റര്‍ യൂനിറ്റ് (എം.ജി.യു) തകരാറാണ് തിരിച്ചുവിളിക്ക് കാരണം എന്നും ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

2018 മേയ് നാലിനും 2020 ഒക്ടോബര്‍ 27-നും ഇടയില്‍ നിര്‍മിച്ച വാഹനങ്ങളുടെ മോട്ടോര്‍ ജനറേറ്റര്‍ യൂണിറ്റിലാണ് പ്രശ്‌നം കണ്ടെത്തിയിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോളതലത്തില്‍ ഇവ സൗജന്യമായി പരിഹരിച്ചു നല്‍കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. പ്രശ്‌നമുള്ള വാഹന ഉടമയ്ക്ക് അടുത്തുള്ള അംഗീകൃത മാരുതി വര്‍ക്ക്ഷോപ്പുകളില്‍നിന്ന് അറിയിപ്പ് ലഭിക്കും. 2021 നവംബര്‍ മുതലായിരിക്കും തകരാറുള്ള ഘടകം മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങുക. തകരാര്‍ പരിഹരിക്കുന്നതുവരെ ഈ പ്രത്യേക യൂണിറ്റുകളുടെ ഉടമകളോട് വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളില്‍ വാഹനമോടിക്കരുതെന്നും ഇലക്ട്രിക്കല്‍, ഇലക്ട്രോണിക് ഭാഗങ്ങളില്‍ നേരിട്ട് വെള്ളം ഒഴിക്കുന്നത് ഒഴിവാക്കണമെന്നും കമ്പനി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.വാഹന സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് തകരാര്‍ കാരണമാകുമെന്നാണ് മാരുതി എഞ്ചിനീയര്‍മാര്‍ കണ്ടെത്തിയിരിക്കുന്നത്. തിരിച്ചുവിളിക്കല്‍ ഉത്തരവ് കമ്പനി സ്വമേധയാ പുറപ്പെടുവിക്കുകയായിരുന്നു. തകരാറുള്ള വാഹനങ്ങളുടെ ഉടമകളെ കമ്പനി അംഗീകൃത സര്‍വ്വീസ് സെന്ററുകളില്‍ നിന്ന് ബന്ധപ്പെടും. മോട്ടോര്‍ ജനറേറ്റര്‍ യൂനിറ്റ് പരിശോധിക്കുകയും തകരാറുകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കുകയും ചെയ്യും. ഉപഭോക്താവിന് യാതൊരു ചിലവുമില്ലാതെയാകും പ്രശ്‌നം പരിഹരിക്കുക.തങ്ങളുടെ വാഹനം തിരിച്ചുവിളിയില്‍ ഭാഗമാണോ എന്ന് ഉടമകള്‍ക്ക് മാരുതി സുസുക്കി വെബ്സൈറ്റുകളില്‍ ലോഗിന്‍ ചെയ്ത് പരിശോധിക്കാം. മോഡലിന്റെ ഷാസി നമ്പര്‍ (MA3, അതിനുശേഷം 14 അക്ക ആല്‍ഫ-സംഖ്യാ കോഡ്) നല്‍കിയാല്‍ വിവരം അറിയാം.സാങ്കേതിക തകരാറിനെ തുടര്‍ന്നുള്ള വാഹനങ്ങളുടെ തിരിച്ചുവിളി ലോകമെമ്പാടും സര്‍വ്വസാധാരണമായ പ്രകിയയയാണ്.