Thursday, May 9, 2024
keralaNews

കണ്ടക്ടര്‍ക്ക് നല്‍കിയ അമ്മയുടെ നമ്പര്‍ വഴിത്തിരിവായി ;ഒപ്പമുണ്ടായിരുന്നവര്‍ ഗോവയ്ക്ക് പോയി :പെണ്‍കുട്ടി; കോഴിക്കോട് സിറ്റി പൊലീസ് ബെംഗളൂരുവിലേക്ക് തിരിച്ചു.

ബെംഗളൂരു: കോഴിക്കോട് വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളില്‍ ഒരാളെ കൂടി ബെംഗളരൂവില്‍ നിന്ന് കണ്ടെത്തി. നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമത്തിനിടെയാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. കര്‍ണാടക മാണ്ഡ്യയില്‍വച്ച്  കോഴിക്കോട്ടേക്കുള്ള ബസില്‍ കയറിയ പെണ്‍കുട്ടി ടിക്കറ്റ് ബുക്കിങ്ങിന് നല്‍കിയത് അമ്മയുടെ നമ്പറാണ് കണ്ടക്ടര്‍ക്ക് നല്‍കിയത്.
നല്‍കിയ നമ്പറില്‍ ബസ് കണ്ടക്ടര്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തത് കുട്ടിയുടെ അമ്മയായിരുന്നു. തുടര്‍ന്ന് വിവരങ്ങള്‍ ബസ് ജീവനക്കാര്‍ പൊലീസിന് കൈമാറി. കോഴിക്കോട് നിന്ന് കൂടുതല്‍ പൊലീസ് ബെംഗളൂരുവിലെത്തും.ഇനി നാലുപേരെ കൂടി കണ്ടെത്താനുണ്ട്. ഒപ്പമുണ്ടായിരുന്നവര്‍ ഗോവയ്ക്ക് പോയിട്ടുണ്ടാകാമെന്ന് പിടിയിലായ പെണ്‍കുട്ടി പറഞ്ഞു. ഇന്നലെ പിടികൂടിയ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടു യുവാക്കളേയും പൊലീസ് ചോദ്യംചെയ്യുന്നുണ്ട്.

പെണ്‍കുട്ടികള്‍ ചില്‍ഡ്രന്‍സ് ഹോമിന് സമീപത്തെ റോഡിലൂടെ നടന്ന് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ചേവായൂര്‍ പൊലീസിന് കിട്ടിയിരുന്നു. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നതിനിടെയാണ് മടവാളയിലെ സ്വകാര്യ ഹോട്ടലില്‍ റൂമെടുക്കാനായെത്തിയ പെണ്‍കുട്ടികളെ ഒരു വിഭാഗം മലയാളികള്‍ കണ്ടെത്തിയത്. തിരിച്ചറിയല്‍ രേഖകള്‍ ചോദിച്ചതോടെ ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. ഹോട്ടല്‍ ജീവനക്കാര്‍ ഒരാളെ തടഞ്ഞ് വച്ച് പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ട് യുവാക്കളെയും കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടികളെ കണ്ടെത്താനായി കോഴിക്കോട് സിറ്റി പൊലീസ് ബെംഗളൂരുവിലേക്ക് തിരിച്ചു. അതിനിടെ വെളളിമാട് കുന്ന് ബാലികാ മന്ദിരത്തില്‍ സംസ്ഥാന ബാലവകാശ കമ്മീഷന്‍ സന്ദര്‍ശനം നടത്തി. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷണം നടത്തുമെന്ന് കമ്മീഷന്‍ വ്യക്തമാക്കി.