Friday, May 17, 2024
keralaNewspolitics

ലോകായുക്ത ഭേദഗതിയെ ന്യായീകരിച്ച് സിപിഎം; എ. ജിയുടെ നിയമോപദേശമെന്ന് കോടിയേരി

തിരുവനന്തപുരം: കേരളത്തിലെ ലോകായുക്ത നിയമത്തില്‍ ഭേദഗതി വരുത്താനുള്ള നീക്കം അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ലോകായുക്തയില്‍ അപ്പീല്‍ അധികാരമില്ലാത്തത് ഭരണഘടനയുടെ164 അനുഛേദത്തിന് വിരുദ്ധമാണെന്നാണ് അഡ്വക്കേറ്റ് ജനറല്‍ നല്‍കിയ നിയമോപദേശമെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ഭേദഗതി ഓര്‍ഡിനന്‍സുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതെന്നും കോടിയേരി വിശദീകരിച്ചു .  അപ്പീലില്ലാത്തതാണ് നിലവിലെ ലോകായുക്ത നിയമത്തിലെ പ്രശ്‌നം. ‘ഇപ്പോഴത്തെ നിയമമനുസരിച്ച് ലോകായുക്ത തീരുമാനിച്ചാല്‍ ഒരു സര്‍ക്കാരിനെ തന്നെ ഇല്ലാതാക്കാന്‍ കഴിയും. അപ്പീലിന്മേലാണ് ഭേദഗതി വരുത്തുന്നത്. ലോകായുക്തയില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ആര്‍ ബിന്ദുവിനും എതിരെയുള്ള പരാതികളുമായി നിയമഭേദഗതിക്ക് ബന്ധമില്ലെന്നും നിയമവിരുദ്ദമായൊന്നും സര്‍ക്കാര്‍ ചെയ്തിട്ടില്ലെന്നുമാണ് കോടിയേരിയുടെ വിശദീകരണം. ലോകായുക്തയില്‍ മുഖ്യമന്ത്രിക്കും മന്ത്രി ആര്‍ ബിന്ദുവിനും എതിരെ

പരാതി വന്നതിന് അടിസ്ഥാനത്തിലാണ് ഭേദഗതിയെന്ന വാദം തെറ്റാണെന്ന് കോടിയേരി പറഞ്ഞു. നേരത്തെയും മന്ത്രിമാര്‍ക്കെതിരെ സമാനമായ പരാതികളുണ്ടായിരുന്നുവെന്നും ഇനിയും പരാതി നല്‍കാമെന്നുമാണ് കോടിയേരിയുടെ വിശദീകരണം. പ്രതിപക്ഷ നേതാവുമായി കൂടിയാലോചന ഉണ്ടായില്ലെന്ന ഒരു വാദം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ലോകായുക്തയെ നിശ്ചയിക്കുന്ന സമയത്ത് മാത്രമാണ് പ്രതിപക്ഷ നേതാവുമായി ആലോചിക്കേണ്ടത്. ഭേദഗതി വരുത്തുന്നതിന് പ്രതിപക്ഷ നേതാവുമായി ആലോചിക്കേണ്ടതില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.