Friday, April 26, 2024
keralaNews

തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് ഉജ്ജ്വല വിജയം

കൊച്ചി:എറണാകുളം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് ഉജ്ജ്വല വിജയം. തൃപ്പൂണിത്തുറ മുന്‍സിപ്പാലിറ്റിയിലെ രണ്ട് എല്‍ഡിഎഫ് വാര്‍ഡുകള്‍ ബിജെപി പിടിച്ചെടുത്തു. എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളായിരുന്നു ഇവ രണ്ടും. നഗരസഭയിലെ 11-ാം ഡിവിഷനായ ഇളമനത്തോപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി വള്ളി രവി വിജയിച്ചു. സിപിഎമ്മിലെ കെടി സൈഗാള്‍ അന്തരിച്ച ഒഴിവിലേക്കായിരുന്നു തിരഞ്ഞെടുപ്പ്.46-ാം ഡിവിഷനായ പിഷാരികോവില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി രതി ബിജുവാണ് വിജയിച്ചത്. എല്‍ഡിഎഫ് അംഗം രാജമ്മ മോഹന്‍ അന്തരിച്ച ഒഴിവിലേക്കായിരുന്നു ഉപതിരഞ്ഞെടുപ്പ് നടന്നത്. 84.24 ശതമാനം പോളിങ്ങാണ് ഇവിടെ രേഖപ്പെടുത്തിയിരുന്നത്. കൊച്ചി കോര്‍പ്പറേഷന്‍, തൃപ്പൂണിത്തുറ നഗരസഭ, കുന്നത്തുനാട്, വാരപ്പെട്ടി, നെടുമ്പാശ്ശേരി പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ ആറ് വാര്‍ഡിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

കൊച്ചി കോര്‍പ്പറേഷന്‍ 62-ാം ഡിവിഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി പദ്മജ എസ് മേനോന്‍ വിജയം സ്വന്തമാക്കി. പദ്മജയും യുഡിഎഫിനായി അനിത വാര്യരും എല്‍ഡിഎഫിനായി എസ് അശ്വതിയുമാണ് മത്സരിച്ചത്. കൗണ്‍സിലറുടെ മരണത്തോടെയാണ് ബിജെപി സിറ്റിംഗ് സീറ്റില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. സിറ്റിംഗ് സീറ്റ് ഇവിടെ ബിജെപി നിലനിര്‍ത്തുകയും ചെയ്തു. ഇന്നലെ നടന്ന വോട്ടെടുപ്പില്‍ 46 ശതമാനം പോളിംഗ് ആണ് ഇവിടെ രേഖപ്പെടുത്തിയത്.

തൃപ്പൂണിത്തുറയിലെ ബിജെപി വിജയത്തോടെ എല്‍ഡിഎഫിന് കേവല ഭൂരിപക്ഷം നഷ്ടമായിരിക്കുകയാണ്. എല്‍ഡിഎഫിന്റെ കൈയ്യിലുണ്ടായിരുന്ന രണ്ട് വാര്‍ഡുകളാണ് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ പിടിച്ചെടുത്തത്. അതേസമയം വാരപ്പെട്ടി പഞ്ചായത്തിലെ മൈലൂര്‍ വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. നെടുമ്പാശ്ശേരിയിലും യുഡിഎഫിന് വിജയിക്കാന്‍ സാധിച്ചു.