Sunday, May 5, 2024
indiaNews

മഹാരാഷ്ട്രയില്‍ മണ്ണിടിച്ചിലില്‍: 36 മരണം

മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍, നാലിടത്തായി ഉണ്ടായ മണ്ണിടിച്ചിലില്‍ 36 പേര്‍ മരിച്ചു. 30 പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. ഇവര്‍ക്കായി തിരച്ചില്‍ തുടരുന്നു. മുംബൈയിലെ ഗോവണ്ടിയില്‍ കെട്ടിടം തകര്‍ന്നു മൂന്നു പേര്‍ മരിച്ചു, ഏഴു പേര്‍ക്കു പരുക്കേറ്റു. മഹാരാഷ്ട്ര, തെലങ്കാന, കര്‍ണാടക സംസ്ഥാനങ്ങളില്‍ ദുരിതം വിതച്ച് മൂന്നുദിവസമായി കനത്ത മഴ തുടരുകയാണ്. മൂന്നു സംസ്ഥാനങ്ങളിലുമായി ഇതുവരെ 43 പേര്‍ മരിച്ചു. മണ്ണിടിച്ചിലിനെ തുടര്‍ന്നു കൊങ്കണ്‍ പാത വഴിയുള്ള ട്രെയിന്‍ ഗതാഗതം തടസ്സപെട്ടു. തിരുവനന്തപുരംനിസാമുദ്ദീന്‍ രാജധാനി, എറണാകുളം ഒക്ക എക്‌സ്പ്രസ് അടക്കം മൂന്നു ട്രെയിനുകള്‍ റദ്ദാക്കി. അണക്കെട്ടുകള്‍ തുറന്നുവിട്ടതോടെ ഹൈദരാബാദ് നഗരം പ്രളയ ഭീതിയിലാണ്.മഹാരാഷ്ട്ര, തെലങ്കാന, കര്‍ണാടക സംസ്ഥാനങ്ങളുടെ പശ്ചിമഘട്ട മലനിരകളോടു ചേര്‍ന്ന ജില്ലകളിലാണ് മൂന്നുദിവസമായി പേമാരി തുടരുന്നത്. കൊങ്കണ്‍ മേഖലയിലെ രത്‌നഗിരി, റായ്ഗഡ് ജില്ലകളിലെ പ്രധാന നദികള്‍ കരകവിഞ്ഞൊഴുകിയതോടെ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ഉത്തര കര്‍ണാടകയിലും മഴ തുടരുകയാണ്. താഴ്ന്ന ഭാഗങ്ങള്‍ വെള്ളത്തിനടിയിലായി. ബെല്‍ഗാവി, ഹുബ്ലി തുടങ്ങിയ ഭാഗങ്ങളിലാണു രണ്ടുമരണങ്ങളും നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തത്.