Sunday, May 5, 2024
keralaNews

വിവാഹച്ചടങ്ങുകള്‍ക്ക് നിയന്ത്രണം.

സംസ്ഥാനത്ത് രോഗവ്യാപനമേഖല അടിസ്ഥാനമാക്കി വിവാഹച്ചടങ്ങുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. തീവ്രവ്യാപനമേഖലയില്‍ 20 പേര്‍ മാത്രം. മറ്റിടങ്ങളില്‍ 50 പേര്‍ വരെ പങ്കെടുക്കാം. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനമുണ്ടായത്.

ഒന്നും രണ്ടും തരംഗങ്ങളെ അപേക്ഷിച്ച് അതിവേഗത്തില്‍ രോഗികളുടെ എണ്ണം ഉയരുന്നതാണ് മൂന്നാം തരംഗത്തില്‍ ആശങ്കയേറ്റുന്നത്. ഫെബ്രുവരി 15 വരെയുള്ള സമയം നിര്‍ണായകമാണെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.

സംസ്ഥാനത്ത് ഇപ്പോഴുള്ളത് കൊവിഡ് മൂന്നാം തരംഗമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്നലെത്തന്നെ വാര്‍ത്താസമ്മേളനത്തില്‍ സ്ഥിരീകരിച്ചിരുന്നു. ഡെല്‍റ്റയുടെ രോഗവ്യാപനം കുറയുന്നതിന് മുമ്പേ വളരെ വേഗത്തിലാണ് ഒമിക്രോണ്‍ പടരുന്നത്. സംസ്ഥാനത്തിപ്പോള്‍ ഡെല്‍റ്റ, ഒമിക്രോണ്‍ വ്യാപനം രൂക്ഷമായി തുടരുകയാണ്.

ജനങ്ങളിലെ അശ്രദ്ധയും ജാഗ്രതക്കുറവും ഈ രോഗവ്യാപനത്തിന് കാരണമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ക്രിസ്മസ്, പുതുവത്സരാഘോഷങ്ങള്‍ മറ്റൊരു കാരണമാണ്. മൂന്നാഴ്ചയ്ക്കുള്ളില്‍ ഈ രോഗവ്യാപനം അതിന്റെ ഉന്നതിയില്‍ എത്തുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ഫെബ്രുവരി 15-നകം ഇത് പീക്കില്‍ എത്തും. ഇനി വരാനിരിക്കുന്ന ഒരു മാസം നിര്‍ണായകമാണ്. പല ജില്ലകളില്‍ പല തോതില്‍ കേസുകള്‍ ഉയരും.

സംസ്ഥാനത്ത് ഇനി ജനിതകശ്രേണി പരിശോധനയില്‍ പ്രസക്തി ഇല്ല. പക്ഷേ പുതിയ വകഭേദങ്ങള്‍ ഉണ്ടോ എന്നറിയാന്‍ പരിശോധന തുടരും. ചിന്തിക്കുന്നതിനേക്കാള്‍ വേഗത്തില്‍ തീവ്രവ്യാപനം നടക്കുന്നു. സമൂഹവ്യാപനം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യം വ്യക്തമാകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.