Friday, May 3, 2024
keralaNewsUncategorized

തട്ടിക്കൊണ്ടു പോയ വ്യാപാരിയെ കണ്ണ് കെട്ടിയ ശേഷം വഴിയില്‍ ഇറക്കിവിട്ടു

കോഴിക്കോട്: താമരശേരിയില്‍ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടു പോയ വ്യാപാരി തിരിച്ചെത്തി. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് മുഹമ്മദ് അഷ്‌റഫ് വീട്ടിലെത്തുന്നത്.ഇയാളെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇന്നലെ രാത്രിയോടെ അഷ്‌റഫ് വീട്ടിലെത്തിയത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്നലെ രാവിലെയോടെ കൊല്ലത്ത് കണ്ണുകെട്ടിയ ശേഷം തന്നെ ഇറക്കി വിടുകയായിരുന്നുവെന്നാണ് അഷ്‌റഫ് പറയുന്നത്. കൊല്ലത്ത് നിന്ന് ബസിലാണ് കോഴിക്കോട്ടേക്ക് എത്തിയത്. തട്ടിക്കൊണ്ടുപോയ സമയത്ത് മൊബൈല്‍ നഷ്ടമായതിനാലാണ് ആരെയും ബന്ധപ്പെടാന്‍ സാധിക്കാത്തതെന്നും അഷ്‌റഫ് പറയുന്നു. ഇയാളുടെ ശരീരത്തില്‍ മുറിവേറ്റ പാടുകളുണ്ട്. അഷറഫില്‍ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. അഷ്‌റഫിനെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. മുക്കം കൊടിയത്തൂര്‍ സ്വദേശികളായ മുഹമ്മദ് നാസ്, ഹബീബ് റഹ്‌മാന്‍ എന്നിവരെയാണ് താമരശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ സഹോദരനും കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതിയുമായ അലി ഉബൈറും, അഷ്‌റഫിന്റെ ഭാര്യാ സഹോദരനും തമ്മിലുള്ള പണമിടപാട് തര്‍ക്കത്തെ തുടര്‍ന്നാണ് തട്ടിക്കൊണ്ടു പോകല്‍ ആസൂത്രണം ചെയ്തത് എന്നാണ് പോലീസ് പറയുന്നത്. കേസിലെ മുഖ്യസൂത്രധാരനായ മലപ്പുറം സ്വദേശം മുഹമ്മദ് ജൗഹറിനെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.