Monday, April 29, 2024
indiaNews

ഡിആര്‍ഡിഒ കോവിഡ് മരുന്ന് പുറത്തിറക്കി

രോഗമുക്തി വേഗത്തിലാക്കും                                                                        പ്രതീക്ഷ പങ്കുവെച്ച് ഹര്‍ഷവര്‍ധന്‍

രാജ്യത്തെ പ്രമുഖ പൊതുമേഖല പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ വികസിപ്പിച്ച കോവിഡ് മരുന്ന് രോഗമുക്തിയുടെ ദൈര്‍ഘ്യം കുറയ്ക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹര്‍ഷവര്‍ധന്‍. കോവിഡ് മരുന്നായ 2 ഡിയോക്സി ഡി ഗ്ലൂക്കോസ് നല്‍കുന്ന രോഗികളില്‍ മെഡിക്കല്‍ ഓക്സിജന്റെ ആവശ്യകത കുറയ്ക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മരുന്നിന്റെ ആദ്യ ബാച്ചിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യഘട്ടത്തില്‍ പതിനായിരം ഡോസാണ് പുറത്തിറക്കുന്നത്.

കോവിഡിനെ പ്രതിരോധിക്കാന്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ മരുന്നാണ് 2 ഡിയോക്സി ഡി ഗ്ലൂക്കോസ് എന്ന് ഹര്‍ഷവര്‍ധന്‍ പറഞ്ഞു. രോഗമുക്തിയുടെ ദൈര്‍ഘ്യം കുറയ്ക്കും എന്നതാണ് ഇതിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നത്. ഇതിന് പുറമേ രോഗികളില്‍ മെഡിക്കല്‍ ഓക്സിജന്റെ ആവശ്യകത കുറയ്ക്കാനും ഇത് വഴി സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളില്‍ ഇന്ത്യയില്‍ മാത്രമല്ല ലോകം മുഴുവനും ഈ മരുന്ന് വിതരണം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങും പങ്കെടുത്തു.കഴിഞ്ഞവര്‍ഷം മുതല്‍ കോവിഡിനെതിരെയുള്ള പോരാട്ടത്തിലാണ് രാജ്യം.                                                                     രാജ്യത്തെ ഗവേഷകര്‍ വാക്സിന്‍ വികസിപ്പിച്ചെടുത്ത് ജനങ്ങള്‍ക്ക് ലഭ്യമാക്കി. മരുന്ന് വികസിപ്പിച്ചെടുത്തതില്‍ ഡിആര്‍ഡിഒ എന്ന സ്ഥാപനത്തെയും ശാസ്ത്രജ്ഞരെയും ഹര്‍ഷവര്‍ധന്‍ അഭിനന്ദിച്ചു.പൊടി രൂപത്തിലുള്ള മരുന്ന് വെള്ളത്തില്‍ കലക്കി കഴിക്കാം. അത്യാസന്ന നിലയിലുള്ള രോഗികള്‍ക്കാവും ഈ മരുന്ന് നല്‍കുക. ഈ മരുന്ന് നല്‍കുന്ന തോടെ രോഗികളുടെ താഴ്ന്ന ഓക്സിജന്‍ നില പൂര്‍വാവസ്ഥയിലാകുമെന്നാണ് പരീക്ഷണത്തില്‍ തെളിഞ്ഞത്.ഹൈദരാബാദ് ആസ്ഥാനമായുള്ള ഡോ. റെഡ്ഡീസ് ലബോറട്ടറീസുമായി സഹകരിച്ച് ഡിആര്‍ഡിഒ ലാബാണ് മരുന്ന് വികസിപ്പിച്ചെടുത്തത്. രാജ്യത്ത് അടിയന്തര ഉപയോഗത്തിനു ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നല്‍കിയിരുന്നു.