Saturday, May 4, 2024
indiaNews

ഡല്‍ഹി നിയമസഭാ മന്ദിരത്തില്‍ ഒരു രഹസ്യതുരങ്കം കണ്ടെത്തി.

ഡല്‍ഹി നിയമസഭാ മന്ദിരത്തില്‍ ഒരു രഹസ്യതുരങ്കം കണ്ടെത്തി. നിയമസഭാ മന്ദിരത്തില്‍ നിന്ന് ആരംഭിക്കുന്ന രഹസ്യതുരങ്കം ചെന്നെത്തുന്നത് ചെങ്കോട്ടയിലാണ്. ബ്രിട്ടീഷുകാര്‍ പണിതതാണെന്ന് കരുതുന്ന ഈ തുരങ്കം സ്വാതന്ത്ര്യസമര സേനാനികളെ കൊണ്ടുവരാനും, കൊണ്ടുപോകാനും വേണ്ടി ഉപയോഗിച്ചിരിക്കാമെന്ന് അനുമാനിക്കുന്നു.

1993 -ല്‍ എംഎല്‍എ ആയിരുന്ന സമയത്താണ് ചെങ്കോട്ട വരെ നീളുന്ന ഒരു തുരങ്കത്തെക്കുറിച്ച് കേള്‍ക്കുന്നത്. അതിന്റെ ചരിത്രം അന്വേഷിച്ച് പോയെങ്കിലും, കാര്യമായി ഒന്നും കണ്ടെത്താനായില്ല’ സ്പീക്കര്‍ റാം നിവാസ് ഗോയല്‍ പറഞ്ഞു. എന്നാല്‍, ഇപ്പോള്‍ തുരങ്കം കണ്ടെത്താന്‍ കഴിഞ്ഞെന്നും, മെട്രോ പദ്ധതികളും ഓടകളും കാരണം തുരങ്കത്തിലേക്കുള്ള എല്ലാ വഴികളും തകര്‍ന്നിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ തുരങ്കം കൂടുതല്‍ കുഴിച്ച് നോക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1912 -ല്‍ ബ്രിട്ടീഷുകാര്‍ രാജ്യത്തിന്റെ തലസ്ഥാനം കൊല്‍ക്കത്തയില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റുകയുണ്ടായി.

തുടര്‍ന്ന്, കേന്ദ്ര നിയമസഭയായി പ്രവര്‍ത്തിച്ചിരുന്ന ഡല്‍ഹി നിയമസഭ 1926 -ല്‍ ഒരു കോടതിയാക്കി മാറ്റി. അക്കാലത്ത്, ഈ തുരങ്കം വഴിയാണ് ബ്രിട്ടീഷുകാര്‍ സ്വാതന്ത്ര്യസമര സേനാനികളെ കോടതിയില്‍ കൊണ്ടുവന്നിരുന്നതെന്ന് ഗോയല്‍ അറിയിച്ചു. ഇവിടെ ഒരു തൂക്കുമരമുണ്ടെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു, പക്ഷേ ആരും ഇതുവരെ ആ മുറി തുറന്ന് നോക്കിയിരുന്നില്ല. സ്വാതന്ത്ര്യത്തിന്റെ 75 -ാം വാര്‍ഷികത്തിന്റെ അന്നാണ് ഞാന്‍ ആ മുറി പരിശോധിക്കാന്‍ തീരുമാനിക്കുന്നത്. ആ മുറി സ്വാതന്ത്ര്യസമര സേനാനികളുടെ സ്മാരകമാക്കി മാറ്റാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നു’ അദ്ദേഹം പറഞ്ഞു. അടുത്ത സ്വാതന്ത്ര്യ ദിനത്തോടെ സഞ്ചാരികള്‍ക്കായി തൂക്കുമുറി തുറക്കാന്‍ ഉദ്ദേശിക്കുന്നുവെന്നും അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനകം ആരംഭിച്ചുവെന്നും നിയമസഭാ സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.