Monday, May 6, 2024
indiaNewsworld

ഞാന്‍ മോദിയുടെ ഫാന്‍; ഇലോണ്‍ മസ്‌ക്

ന്യൂയോര്‍ക്ക് : താന്‍ മോദിയുടെ ഫാനാണെന്ന് ടെസ്ല, സ്റ്റാര്‍ ലിംഗ്, ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്‌ക്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യയുടെ ഭാവി താന്‍ ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്. മറ്റുള്ള വന്‍രാജ്യങ്ങളെക്കാളും കൂടുതല്‍ പ്രതീക്ഷ അര്‍പ്പിക്കാവുന്ന രാജ്യമാണ് ഇന്ത്യ. തങ്ങളോട് ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടതായും മസ്‌ക് പറഞ്ഞു. മോദി ഇന്ത്യയ്ക്കായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ്. പുതിയ കമ്പനികള്‍ ഇന്ത്യയില്‍ ആരംഭിക്കാനും ഇന്ത്യയിലെ സാദ്ധ്യതകള്‍ ഉപയോഗിക്കാനും അദ്ദേഹം മികച്ച പിന്തുണ നല്‍കുന്നുണ്ട്. അടുത്തവര്‍ഷം ഇന്ത്യ സന്ദര്‍ശിക്കാനാണ് താന്‍ ശ്രമിക്കുന്നത്. ഇന്ത്യയില്‍ സ്റ്റാര്‍ ലിംഗിന്റെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്. ഇന്ത്യയിലെ ഗ്രാമങ്ങള്‍ക്ക് സ്റ്റാര്‍ ലിംഗ് ഉപയോഗ പ്രദമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മസ്‌ക് പറഞ്ഞു. ത്രിദിന സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ പ്രധാനമന്ത്രിയ്ക്ക് വന്‍ സ്വീകരണമാണ് ലഭിച്ചത്. ന്യൂയോര്‍ക്കില്‍ വന്‍ ജനാവലിയാണ് പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയത്. ഇന്ത്യന്‍ സമയം രാത്രി പത്തരയോടെയാണ് മോദി യുഎസിലെത്തിയത്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രത്യേക ക്ഷണപ്രകാരമെത്തിയ പ്രധാനമന്ത്രി ജൂണ്‍ 23 വരെ അമേരിക്കയില്‍ തുടരും. ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് അന്താരാഷ്ട്ര യോഗാ ദിനവുമായി ബന്ധപ്പെട്ട പ്രത്യേക ആഘോഷങ്ങളില്‍ പ്രധാനമന്ത്രി ഇന്ന് പങ്കെടുക്കും. 180 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. തുടര്‍ന്ന് വാഷിങ്ടണില്‍ വച്ച് യുഎസ് പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഏഴായിരത്തിലധികം ഇന്ത്യന്‍-അമേരിക്കന്‍ പൗരന്മാരുടെ സാന്നിദ്ധ്യത്തില്‍ ഗണ്‍ സല്യൂട്ട് നല്‍കിയായിരിക്കും മോദിയെ വൈറ്റ് ഹൗസിലേക്ക് സ്വീകരിക്കുക. ആണവ-പ്രതിരോധ-സാമ്പത്തിക കരാറുകള്‍ സംബന്ധിച്ച് ഇരുരാഷ്ട്രത്തലവന്‍മാരും തമ്മില്‍ ചര്‍ച്ച നടക്കുമെന്നാണ് വിവരം. അന്നേദിവസം ജോ ബൈഡനും പ്രഥമ വനിത ജില്‍ ബൈഡനും ചേര്‍ന്ന് പ്രധാനമന്ത്രി മോദിക്ക് അത്താഴവിരുന്ന് നല്‍കും.